mavelikkara

'മണ്ണുംചാരി ഇരുന്നവൻ പെണ്ണും കൊണ്ടുപോയി 'എന്നത് വളരെ പ്രസിദ്ധമായ ചൊല്ലാണ്. ഇപ്പോൾ മാവേലിക്കര മേഖലയിലെ എല്ലാ സി.പി.എമ്മുകാരും ഭക്തർ സന്ധ്യാനാമം ജപിക്കും പോലെ വൈകുന്നേരങ്ങളിൽ ഉരുവിട്ടുകൊണ്ടിരിക്കുന്നത് ഈ ചൊല്ലാണ്. കാരണം കഴിഞ്ഞ തവണ ഇടതുപക്ഷം അധികാരത്തിലിരുന്ന മാവേലിക്കര നഗരസഭയിൽ ഇപ്പോൾ ഭരണത്തിലിരിക്കുന്നത് യു.ഡി.എഫ്.അതുമാത്രമല്ല നിലതെറ്രിയുള്ള നാമം ജപിക്കൽ ആവർത്തിക്കുന്നതിന് പിന്നിൽ.ചെയർമാൻ കസേരയിൽ ഇരിക്കുന്നതാവട്ടെ സി.പി.എം അവഗണിച്ച് പുറമ്പോക്കിൽ തള്ളിയ ഊർജ്ജസ്വലനായ സഖാവും. തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മാവേലിക്കര നഗരസഭ പരിധിയിലെ രാഷ്ട്രീയ താത്പര്യമുള്ളവരെ ആകെ അമ്പരപ്പിച്ചത് അവിടുത്തെ കക്ഷിനിലയാണ്.9-9-9-1. ആകെ 28 വാർഡുകളുള്ള നഗരസഭയിൽ മൂന്ന് മുന്നണികൾക്കും ഒമ്പതു സീറ്ര് വീതം. ഒരു സ്വതന്ത്രനും. ആ സ്വതന്ത്രൻ ആരെന്നറിഞ്ഞപ്പോഴാണ് ഞെട്ടൽ കിടുങ്ങലായി മാറിയത്.17 വർഷക്കാലം ഉമ്പർനാട് വാർഡിൽ ഉൾപ്പെട്ട സി.പി.എം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ.വി.ശ്രീകുമാർ.

കഴിഞ്ഞ ഭരണസമിതിയുടെ ഭരണ മികവിന്റെ ഫലമായിട്ടാണല്ലോ സ്വന്തം കക്ഷത്തിലിരുന്ന ഭരണം തറപറ്റിയത്. ഭരണ നൈപുണ്യത്തിന്റെ മഹത്വം മാത്രമല്ല, മറ്റുചില കാര്യങ്ങളുമുണ്ട് ഈ തകർച്ചയ്ക്ക് പിന്നിൽ. കാര്യങ്ങൾ സ്വന്തം കൈപ്പിടിയിൽ നിറുത്താൻ ചിലർ വളരെ ദീർഘ വീക്ഷണത്തോടെ തയ്യാറാക്കിയ തിരക്കഥ അപ്പാടെ പാളുന്നതാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. നിത്യേന നടക്കുന്ന സംഭവങ്ങൾ സശ്രദ്ധം വീക്ഷിച്ചിരുന്ന പൊതുജനത്തിന് ,തങ്ങൾ കഴുതകളല്ലെന്ന് സ്വയം ബോദ്ധ്യപ്പെടാനും മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനും കിട്ടിയ അവസരം കൂടിയായി തിരഞ്ഞെടുപ്പ്. അത് ശരിയായ വിധത്തിൽ അവരങ്ങ് ഉപയോഗിച്ചപ്പോൾ സർവം 'ധിംതരികിടതോം'.ഇത്തവണ മാവേലിക്കര നഗരസഭ ചെയർമാൻ സ്ഥാനം വനിതയിൽ നിന്ന് ജനറലിലേക്ക് മാറി. അതുകൊണ്ട് തന്നെ ചിലർക്ക് ചില ഉൾവിളികളുണ്ടായി. തങ്ങളുടെ വരുതിക്ക് നിൽക്കാൻ സന്നദ്ധരാവുന്നവരല്ലാതെ, മറ്രാരും ചെയർമാൻ സ്ഥാനത്തേക്ക് വരരുത്. അങ്ങനെയുള്ളവരുടെ ഒരു ലിസ്റ്ര് കാലേകൂട്ടി തയ്യാറാക്കി. എന്നാലും ജയിച്ചുകയറി വരാൻ സാദ്ധ്യതയുള്ള മറ്റു ചിലരുണ്ടെന്ന് വിശദമായ പഠനത്തിൽ ബോദ്ധ്യപ്പെട്ടു. വിപത്ത് കാലേകൂട്ടി മനസിലാക്കി മുളയിലെ നുള്ളുകയാണല്ലോ പ്രായോഗിക രാഷ്ട്രീയത്തിലെ ബുദ്ധി. സമർത്ഥന്മാരായ നമ്മുടെ നേതാക്കൾ കാലങ്ങളായി രാഷ്ട്രീയകേരളത്തെ പഠിപ്പിക്കുന്നതും അതാണല്ലോ.

കവടി നിരത്തി ശുക്രനെയും ബുധനെയും ലഗ്നത്തെയുമൊക്കെ മാറ്രിമാറ്രി നിരത്തിയപ്പോൾ ഒരു മുഖം തെളിയുന്നു. കെ.വി.ശ്രീകുമാറിന്റെ മുഖം. ഉമ്പർനാട് എന്ന വാർഡ് പാർട്ടിക്ക് തീറെഴുതിയിട്ടുള്ള വാർഡാണ്. 17 വർഷങ്ങളായി അവിടെ ബ്രാഞ്ച് സെക്രട്ടറിയാണ് ശ്രീകുമാർ. ഒരു സീറ്റെങ്ങാനും കൊടുത്തുപോയാൽ ജയിച്ചുവരുമെന്ന് കട്ടായം.അതിന് തടയിടണം. ബുദ്ധികേന്ദ്രങ്ങളുടെ തലകളിലൂടെ ഐഡിയകൾ പറന്നു. ഒടുവിൽ കുശാഗ്രബുദ്ധിയായ ഒരാളുടെ മനസിൽ പറ്റിയ തന്ത്രം തെളിഞ്ഞു. വർഷങ്ങളായി കൈവച്ചുകൊണ്ടിരിക്കുന്ന വാർഡ് തന്നെ അങ്ങ് കൈവിടുക. അത് ഏൽപ്പിക്കുന്നത് സഹോദര പ്രസ്ഥാനത്തെ കൂടിയാവുമ്പോൾ ആർക്കും ഒന്നും എതിർത്തു പറയാനുമാവില്ലല്ലോ. അങ്ങനെ സി.പി.എമ്മിന്റെ കുത്തക സീറ്ര് സി.പി.ഐയുടെ പിടലിയിലേക്ക് എത്തി. ദാനം കിട്ടുന്ന പശുവിന്റെ പല്ല് എണ്ണിനോക്കേണ്ട കാര്യമില്ലല്ലോ.തുടർച്ചയായി ജയിച്ചു കൊണ്ടിരിക്കുന്ന സീറ്റല്ലേ തങ്ങൾക്ക് പൂർണമനസോടെ സഹോദര പാർട്ടി വച്ചു നീട്ടുന്നത്. അതിന് പിന്നിലെ കുമ്മാട്ടി കളി അറിയാമായിരുന്നെങ്കിലും സ്വർണതളിക മുന്നിൽ വയ്ക്കുമ്പോൾ കണ്ണടച്ചു നടക്കുന്ന ഭിക്ഷക്കാരന്റെ സ്വഭാവം കാട്ടുന്നത് ശരിയല്ലെന്ന താത്വിക നിലപാട് സി.പി.ഐ സ്വീകരിച്ചു.

പക്ഷെ വിമതന്റെ മുഖംമൂടി അണിഞ്ഞ് കെ.വി.ശ്രീകുമാർ അവിടെ എത്തുമെന്ന് അവരും ധരിച്ചില്ല.വന്നാലും ജയിച്ചു കയറുമെന്ന് ഒട്ടും ധരിച്ചില്ല, ജയിച്ചാലും മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം വരുമെന്ന് തീരെ ധരിച്ചില്ല. ഒടുവിൽ ഒരു ദുഃസ്വപ്നം പോലെ എല്ലാം സംഭവിച്ചു.കഴിഞ്ഞ ഭരണക്കാരുടെ സൽസ്വഭാവം അറിയാവുന്ന നാട്ടുകാരും പാർട്ടിക്കാരും നല്ലപോലെ അങ്ങു സഹായിച്ചു. മെച്ചപ്പെട്ട ഭൂരിപക്ഷത്തിൽ ശ്രീകുമാറിനെ അങ്ങു ജയിപ്പിച്ചു. ആര് അധികാരത്തിൽ വരണമെങ്കിലും ശ്രീകുമാറിന്റെ കൈയൊപ്പ് വേണമെന്ന സ്ഥിതിയായി.' എത്ര തല്ലിയാലും വഴക്കു പറഞ്ഞാലും കൂടെപ്പിറപ്പല്ലെ, കുടുംബത്തെ മറക്കാനാവുമോ'എന്നൊക്കെയുള്ള മട്ടിൽ 'മക്കളെ, മോനേ, ചക്കരേ, കുട്ടാ' എന്നൊക്കെ പറഞ്ഞ് ഒന്നടുക്കാൻ നോക്കി. തന്റെ പഴയകൂട്ടുകാരുടെ തനിഗുണം നന്നായി അറിയാവുന്നതിനാൽ വിമതൻ അയഞ്ഞില്ല, അടുത്തുമില്ല. 'മുന്തിരി കിട്ടാതെ വന്നപ്പോൾ കീടനാശിനി അടിച്ച മുന്തിരി'യെന്ന് ശപിച്ച് പിൻമാറിയ കുറുക്കനെപ്പോലെ, സി.പി.എമ്മും തിരിഞ്ഞു നടന്നു. അപ്പോഴാണ് ഉറങ്ങി കിടന്ന യു.ഡി.എഫ് ബുദ്ധി ഉണർന്നെണീറ്റത്. കൈയിൽ ഒരു തുണ്ട് തൂപ്പുമായി ആടിനെ കാണാനെത്തുന്ന മേച്ചിൽകാരനെ പോലെ അവർ മെല്ലെ അടുത്തു. മധുരപ്രതികാരം ചെയ്യാൻ കിട്ടുന്ന അവസരം കളയേണ്ട കാര്യം വിമതനുമില്ലല്ലോ.അദ്ദേഹം കൈകൊടുത്തു. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ യു.ഡി.എഫ് പിന്തുണയിൽ വിമതൻ ചെയർമാൻ കസേരയിൽ.അപ്പോൾ തോൽക്കേണ്ടി വന്നത് ആർക്കായിരിക്കുമെന്ന് പറയേണ്ടതുമില്ലല്ലോ. അങ്ങനെ മാവേലിക്കരയിലെ സഖാക്കൾ ഒരു പാഠം സ്വയം പഠിച്ചു.

ഇതുകൂടി കേൾക്കണേ

മാവേലിക്കരക്കാർക്ക് ഇതൊന്നും പുത്തരിയല്ല. കാരണം പാർട്ടിയെ സ്നേഹിച്ചും ലാളിച്ചും മടുത്ത ഒരു നേതാവ് സജീവ രാഷ്ട്രീയം വിട്ട് ഉണക്കമീൻ കച്ചവടത്തിന് ഇറങ്ങിയതും ഈ പരിസരത്തൊക്കെ തന്നെ.