 
മത്സ്യക്കൃഷിയിലേക്ക് യുവാക്കളുടെ ഒഴുക്ക്
ആലപ്പുഴ: കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട യുവാക്കൾ ഉൾപ്പെടെ മത്സ്യക്കൃഷിയിലേക്ക് തിരിഞ്ഞതോടെ മേഖലയിൽ സംരംഭകരുടെ എണ്ണം വർദ്ധിക്കുന്നു. കടൽ- കായൽ മത്സ്യങ്ങളുടെ ലഭ്യത പൊതുവേ കുറഞ്ഞതോടെയാണ് വളർത്തു മത്സ്യങ്ങൾക്ക് ഡിമാൻഡ് കൂടിയത്.
വീട്ടുകുളങ്ങളിലും സ്വകാര്യ നിലങ്ങൾ പാട്ടത്തിനെടുത്തുമാണ് പലരും കൃഷി നടത്തുന്നത്. മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിഷറീസ് വകുപ്പിന്റെ വിവിധ പദ്ധതികളുണ്ട്. ശുദ്ധജലത്തെയും ഓരുജലത്തെയും ആശ്രയിച്ചാണ് കൃഷി. സംസ്ഥാനത്ത് ആഭ്യന്തര ഉപയോഗത്തിന് 1.5 ലക്ഷം മെട്രിക് ടൺ മത്സ്യം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. ഇവ കേടുകൂടാതെ സൂക്ഷിക്കാൻ നിരവധി അശാസ്ത്രീയ മാർഗങ്ങൾ പിന്തുടരുന്നതും രാസപദാർത്ഥങ്ങൾ ചേർക്കുന്നതും പരിശോധനകളിൽ പിടികൂടിയിരുന്നു.
ആഭ്യന്തര മത്സ്യക്കൃഷി വ്യാപകമാകുന്നതോടെ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന പ്രവണതയ്ക്ക് കുറവ് വരുമെന്നാണ് പ്രതീക്ഷ. വ്യക്തികൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീകൾ, സ്വയംസഹായ സംഘങ്ങൾ, കർഷക ഗ്രൂപ്പുകൾ എന്നിവരുടെ നേതൃത്വത്തിലാണ് മീൻ വളർത്തൽ. പ്രളയത്തിൽ ഏറ്റവും കൂടുതൽ മത്സ്യങ്ങളെ നഷ്ടപ്പെട്ട കുട്ടനാട്ടിൽ ശുദ്ധജല മത്സ്യക്കൃഷി വ്യാപകമാണ്. വെള്ളം കയറാത്ത നഗരപ്രദേശങ്ങളിൽ ബയോഫ്ലോക്ക്, പടുതക്കുളം കൃഷികളാണ് കൂടുതലായി നടക്കുന്നത്.
സുഭിക്ഷ കേരളം
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ്, തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണണ്. ഫിഷറീസ് വകുപ്പിന്റെ ഹാച്ചറികളിൽ നിന്നും സർക്കാർ ഏജൻസികളിൽ നിന്നുമാണ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്.
ബയോഫ്ലോക്ക് കൃഷി
ജല ലഭ്യത കുറഞ്ഞ സ്ഥലങ്ങളിൽ നിർമ്മിക്കുന്ന കൃത്രിമ കുളങ്ങളാണ് ബയോഫ്ലോക്ക്. ഇരുമ്പ് ചട്ടക്കൂടിൽ ഷീറ്റ് ഉപയോഗിച്ച് ടാങ്ക് നിർമ്മിച്ച് നൈൽ തിലോപ്പിയ മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്നു. 5 മീറ്റർ വ്യാസത്തിൽ വൃത്താകൃതിയിൽ പ്ലാറ്റ്ഫോം നിർമ്മിക്കും. അതിൽ 4.5 മീറ്റർ വ്യാസവും 1.2 മീറ്റർ ഉയരവും മദ്ധ്യഭാഗത്തേക്ക് വെള്ളം വാർന്നുപോകാൻ ചരിവുമുള്ള ഒരു ടാങ്ക് ഇരുമ്പ് ചട്ടക്കൂടിനുള്ളിൽ 550 ജി.എസ്.എം കനമുള്ള പി.വി.സി ആവരണം ചെയ്യപ്പെട്ട എച്ച്.ഡി.പി.ഇ ഷീറ്റ് കൊണ്ടാണ് നിർമ്മിക്കുന്നത്.
 ചെലവ്- 1,38,000
 കാലാവധി - ഒരു വർഷം
 തദ്ദേശ സ്ഥാപന വിഹിതം - 36,800 രൂപ
 ഫിഷറീസ് വകുപ്പ് വിഹിതം - 18,400 രൂപ
 ഗുണഭോക്തൃ വിഹിതം - 82,800 രൂപ
 മത്സ്യയിനം - നൈതൽ തിലോപിയ
 നേട്ടം - 500 കിലോ
പടുതക്കുളം കൃഷി
80 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കുളം 40 സെന്റീമീറ്റർ ആഴത്തിൽ കുഴിയെടുത്ത്, അതേ മണ്ണുപയോഗിച്ച് കുളത്തിന് ചുറ്റുമായി 110 സെന്റീമീറ്റർ ഉയരത്തിൽ ബണ്ട് നിർമ്മിക്കും. കുളത്തിൽ പടുത വിരിക്കൽ, അടിത്തട്ട് ഒരുക്കൽ, ജലം നിറയ്ക്കൽ, പറവകളിൽ നിന്നും ഇഴജന്തുക്കളിൽ നിന്നും രക്ഷയ്ക്കായി ചുറ്റും സംരക്ഷിത വല സ്ഥാപിക്കൽ എന്നീ പ്രവൃത്തികൾ ചെയ്യണം.
 ഒരു യൂണിറ്റിന് ആവശ്യം രണ്ട് സെന്റ്
 പദ്ധതി കാലാവധി - ഒരു വർഷം
 ചെലവ് - 1,23,000 രൂപ
 തദ്ദേശ സ്ഥാപന വിഹിതം - 32,000 രൂപ
 ഫിഷറീസ് വകുപ്പ് വിഹിതം - 16,400 രൂപ
 ഗുണഭോക്തൃ വിഹിതം - 73,800 രൂപ
 മത്സ്യയിനം - അസം വാള
 വർഷത്തിൽ രണ്ടു തവണ വിളവെടുപ്പ്
 നേട്ടം - ഒരു ടൺ മത്സ്യം
കുളങ്ങളിലെ കരിമീൻ കൃഷി
 കാലാവധി - ഒരു വർഷം
 ചെലവ് - 1,50,000
 തദ്ദേശ സ്ഥാപന വിഹിതം - 40,000 രൂപ
 ഫിഷറീസ് വകുപ്പ് വിഹിതം - 20,000 രൂപ
 ഗുണഭോക്തൃ വിഹിതം - 90,000 രൂപ
 മത്സ്യയിനം - കരിമീൻ
 നേട്ടം - 100 കിലോ
സുഭിക്ഷ കേരളം പദ്ധതി പ്രകാരമുള്ള മത്സ്യക്കൃഷിയിലേക്ക് കൂടുതൽപേർ ആകൃഷ്ടരാകുന്നുണ്ട്. ബയോഫ്ലോക്ക് കൃഷിക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. ഒപ്പം കായലുകളിലെ കൂടുമത്സ്യ കൃഷിയും വ്യാപകമാണ്
രമേശ്, അസിസ്റ്റന്റ് ഡയറക്ടർ, ഫിഷറീസ് വകുപ്പ്, ആലപ്പുഴ
ചെലവിന്റെ 40 ശതമാനമാണ് സബ്സിഡിയായി ലഭിക്കുന്നത്. ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചാൽ കൂടുതൽ ആളുകൾ മേഖലയിലേക്ക് എത്തും. വിപണിയിൽ ഇടനിലക്കാരുടെ കമ്മിഷൻ ഉൾപ്പെടെ നൽകിയ ശേഷമുള്ള വിഹിതം മാത്രമാണ് കർഷകന് ലഭിക്കുന്നത്
ചിത്തരഞ്‌ജൻ ദാസ്, മത്സ്യ കർഷകൻ, വലിയകളം, കുട്ടനാട്