s

പക്ഷിപ്പനി സ്ഥിരീകരിക്കാൻ വിദഗ്ദ്ധ പരിശോധന

ആലപ്പുഴ: അപ്പർ കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പക്ഷിപ്പനി മൂലമാണോ എന്ന് സ്ഥിരീകരിക്കാൻ പുതിയ സാമ്പിളുകൾ ഭോപ്പാലിലെ വെറ്ററിനറി ഹൈ സെക്യൂരിറ്റി വൈറോളജി ലാബിലേക്ക് ജില്ലാ മൃഗസംരക്ഷണ വകുപ്പിലെ ടെക്നിഷ്യന്റെ കൈവശം വിമാനമാർഗം കൊണ്ടുപോയി.

പക്ഷിപ്പനി ലക്ഷണങ്ങളുണ്ടെങ്കിലും കൂടുതൽ വ്യക്തതയ്ക്കാണ് ഭോപ്പാൽ ലാബിൽ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം തൃശൂർ മണ്ണുത്തി മൈക്രോ വൈറോളജി ഡിപ്പാർട്ട്മെന്റ് സംഘം സ്ഥലം സന്ദർശിച്ചു. ചത്ത നൂറിലധികം താറാവുകളുടെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. ബാക്ടീരിയ ബാധയെന്നാണ് പ്രാഥമിക നിഗമനം. എല്ലാ താറാവുകളിലും ഹൃദയം, കരൾ, ശ്വാസകോശം എന്നീ അവയവങ്ങൾക്ക് വീക്കം കാണപ്പെട്ടു. വൈറൽ രോഗം ബാധിച്ചാൽ മൂന്നോ നാലോ ദിവസം കൊണ്ട് രൂപഭേദം സംഭവിച്ച് ബാക്ടീരിയ, ഫംഗസ് രോഗമാകാൻ സാദ്ധ്യതയുള്ളതിനാൽ കൂടുതൽ വ്യക്തമായ പരിശോധന ആവശ്യമാണെന്ന നിഗമനത്തിലായിരുന്നു ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ.

തൃശൂർ മണ്ണുത്തി കോളേജിൽ നിന്നുള്ള മൈക്രോ വൈറോളജി, പത്തോളജി, പ്രിവന്റീവ് ഡിപ്പാർട്ട്മെന്റിലെ പ്രമുഖർ എന്നിവരാണ് മൈക്രോ വൈറോളജി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. പി.എം.പ്രിയയുടെ നേതൃത്വത്തിൽ തലവടി വേഴപ്ര കുട്ടപ്പായിയുടെ താറാവുകളെ പരിശോധിക്കാൻ എത്തിയത്. ആന്തരിക അവയവങ്ങളുടെ സാമ്പിൾ കൂടുതൽ പരിശോധനയ്ക്കായി ഓരോ ഡിപ്പാർട്ട്മെന്റും പ്രത്യേകമായി ശേഖരിച്ചു. പരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കുമെന്നാണ് പ്രതീക്ഷ.കൂടുതൽ പരിശോധന ആവശ്യമെങ്കിൽ ബംഗളുരു സൗത്ത് ഇന്ത്യ റീജിണൽ ഡയഗ്‌നോസ്റ്റിക് സെന്ററിലേക്ക് അയയ്ക്കും.


കറങ്ങിവീണ് ചാകുന്നു


ചമ്പക്കുളം ഒന്നാംകര, തലവടി, പള്ളിപ്പാട് എന്നിവിടങ്ങളിലായി കാൽ ലക്ഷത്തോളം താറാവാണ് ചത്തത്. വേഴപ്രയിലെ കർഷകൻ കുട്ടപ്പായിയുടെ പതിമൂവായിരത്തോളം താറാവുകളും, ഹരിപ്പാട് പള്ളിപ്പാട്ട് വാഴയ്യത്ത് തറയിൽ പുത്തൻവീട്ടിൽ സാമുവലിന്റെ ഏഴായിരത്തോളം താറാവുകളും ചത്തു. പരിശോധനാഫലം കാത്തിരിക്കുകയാണ് കർഷകർ. കണ്ണുകൾ നീലിച്ച് കാഴ്ച മങ്ങി ചുണ്ട് വിറപ്പിച്ച് കറങ്ങിവീണാണ് താറാവുകൾ ചാകുന്നത്. ചെന്നിത്തല വാഴക്കൂട്ടം ഹാച്ചറിയിൽ നിന്നാണ് കഴിഞ്ഞ അഞ്ചിന് ഒരുദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ കുട്ടപ്പായി വാങ്ങിയത്. കഴിഞ്ഞ 18 മുതൽ ഇന്നലെ വരെ 25,000ഓളം താറാവുകൾ ചത്തെന്നാണ് ഔദ്യോഗിക അറിയിപ്പ്. അനൗദ്യോഗിക കണക്കനുസരിച്ച് ഇതിലും കൂടും.

കാഴ്ച ദയനീയം

തലവടി സ്വദേശി കുട്ടപ്പായി ആഴ്ചകൾക്ക് മുമ്പാണ് കൂടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ചമ്പക്കുളം കൊണ്ടാക്കൽ പള്ളിക്ക് സമീപത്തെ കാടുകയറിയ സ്ഥലം പത്തോളം തൊഴിലാളികളെ ഉപയോഗിച്ച് വെട്ടിത്തെളിച്ചശേഷം പ്ലാസ്റ്റിക് പടുത ഉപയോഗിച്ച് താത്കാലിക ടെന്റ് നിർമ്മിച്ചാണ് താറാവിൻ കുഞ്ഞുങ്ങളെ ഇറക്കിയത്. ഒരു ദിവസം പ്രായമായ താറാവുകളെ 23 രൂപ നിരക്കിലാണ് വാങ്ങിയത്. പ്രതിരോധ മരുന്നുകളുടെ വില വേറെ. പ്രതീക്ഷയോടെ വളർത്തിയ താറാവുകളെ ആഴ്ചയ്ക്കകം രോഗം പിടികൂടുകയായിരുന്നു. ഇരുപതുദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ കൂട്ടത്തോടെ പിടഞ്ഞുവീണ് ചാകുന്ന കാഴ്ച ദയനീയമായിരുന്നു.

.................................

പക്ഷിപ്പനിയുടെ ലക്ഷണം കാണിക്കുന്നുണ്ടെങ്കിലും പകർച്ച ഇല്ലാത്തതിനാൽ സ്ഥിരീകരിക്കാൻ കഴിയില്ല. ഏത് രോഗം എന്ന് കണ്ടെത്താനാണ് ഭോപ്പാലിലെ വെറ്ററിനറി ഹൈ സെക്യൂരിറ്റി വൈറോളജി ലാബിൽ പരിശോധന നടത്താൻ തീരുമാനിച്ചത്. ഇതിന്റെ ഫലം ലഭിച്ച ശേഷം തുടർ പ്രതിരോധ പ്രവർത്തനം നടത്തും

ഡോ. പി.കെ.സന്തോഷ് കുമാർ, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ

...........................

12 ദിവസമായി മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തിയിട്ടും രോഗം ഏതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കർഷകർ. അറിയാവുന്ന മരുന്നുകൾ നൽകി സ്വയം ചികിത്സ നടത്തേണ്ട അവസ്ഥയിലാണ്

കുട്ടപ്പായി, താറാവ് കർഷകൻ, വേഴപ്ര