അമ്പലപ്പുഴ : ജനകീയ സമിതി തീരുമാനം മറികടന്ന് പായൽക്കുളങ്ങര അഞ്ചാലും കാവ് ചന്തക്കടവിൽ മത്സ്യലേലം നടന്നത് സംഘർഷത്തിനിടയാക്കി.ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
നേരത്തെ ഇതിന് വടക്ക് ഭാഗത്ത് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14-ാം വാർഡിലാണ് മത്സ്യ ലേലം നടന്നിരുന്നത്.ഇവിടെ ഒരാഴ്ച മുൻപ് മത്സ്യത്തൊഴിലാളി ഷോക്കേറ്റ് മരിച്ചിരുന്നു. തുടർന്നാണ് ലേലം പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡായ പായൽക്കുളങ്ങര അഞ്ചാലും കാവിലേക്ക് മാറ്റിയത്.കഴിഞ്ഞ ദിവസം കൂടിയ ജനകീയ സമിതി മത്സ്യലേലം പഴയ സ്ഥലത്തു തന്നെ നടത്താൻ തീരുമാനമെടുത്തിരുന്നു. ഈ തീരുമാനം മറികടന്നാണ് ചൊവ്വാഴ്ച രാവിലെ അഞ്ചാലും കാവ് ചന്തക്കടവിൽ ലേലം നടന്നത്. ജനകീയ സമിതി ഭാരവാഹികൾ സ്ഥലത്തെത്തി ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്.അമ്പലപ്പുഴ, തീരദേശ സ്റ്റേഷനുകളിൽ നിന്ന് പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് സംഘർഷത്തിന് അയവ് വന്നത്.