 
ചേർത്തല: ആത്മീയതയും ഭൗതികതയും കോർത്തിണക്കി, പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തെ കൈപിടിച്ച് ഉയർത്താൻ വലിയ സംഭാവനയാണ് ശ്രീനാരായണ ഗുരു കേരളീയ സമൂഹത്തിന് നൽകിയതെന്ന് മന്ത്റി പി.തിലോത്തമൻ പറഞ്ഞു. ചേർത്തല താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ 88-ാമത് ശിവഗിരി തീർത്ഥാടന കൊടിക്കയർ പ്രയാണത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവര സാങ്കേതികവിദ്യ പോലും ഇല്ലാതിരുന്ന കാലഘട്ടത്തിൽ ഏറ്റവും താഴെ കിടന്നിരുന്ന ജനതയ്ക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുത്തത് ഗുരുദേവ ദർശനങ്ങളാണ്. താനൊരു സമുദായത്തിന്റെ വക്താവല്ല എന്ന് ഉദഘോഷിച്ചു കൊണ്ട് അദ്ദേഹം നടത്തിയ പ്രവചനങ്ങൾ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതാണെന്നും തിലോത്തമൻ പറഞ്ഞു.
ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവംകോടം ശക്തീശ്വര ക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്ക് ശേഷം ചെയർമാനും പദയാത്ര ക്യാപ്ടനുമായ വിജയഘോഷ് ചാരങ്കാട്ട് ശിവഗിരിമഠം സച്ചിതാനന്ദ സ്വാമിയിൽ നിന്നു കൊടിക്കയർ ഏറ്റുവാങ്ങി.ക്ഷേത്രം പ്രസിഡന്റ് സി.കെ.ഷാജിമോഹൻ, സി.ആർ.ജയപ്രകാശ് കളവംകോടം,പി.എം.പുഷ്‌കരൻ പുത്തൻകാവ്, കെ.ആർ.രാജുകുത്തിയതോട് എന്നിവർ സംസാരിച്ചു.