ആലപ്പുഴ: പഴയ വീട് പൊളിച്ച് സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള തടി അജ്ഞാത സംഘം തീയിട്ട് നശിപ്പിച്ചു. കൈനകരി പഞ്ചായത്ത് 15-ാം വാർഡിൽ പുഞ്ചിരി ബിൽഡിംഗിൽ തങ്കമ്മയുടെ വീട് പൊളിച്ച തടിയാണ് അഗ്നിക്കിരയാക്കിയത്.

തങ്കമ്മയുടെ മകൾ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 15-ാം വാർഡിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണോ തീവയ്പിന് കാരണമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇന്നലെ പുലർച്ചെ നാലുമണിയോടെ ആയിരുന്നു സംഭവം. പഴയ അറയും പുരയും പൊളിച്ച ശേഷം വീട് വയ്ക്കുന്നതിനുള്ള തയ്യറെടുപ്പിലായിരുന്നു തങ്കമ്മ. മറ്റൊരു മകൾ ഷാനിയോടൊപ്പമായിരുന്നു താമസം. ഇന്നലെ പുലർച്ചെ ബാത്ത് റൂമിലേക്ക് പോകാൻ പുറത്തിറങ്ങിയപ്പോഴാണ് തടി കത്തുന്നതു കണ്ടത്. ഇതുവഴി വന്നവർ ചേർന്ന് തീ അണച്ചതിനാൽ സമീപത്തെ വീടുകളിലേക്ക് പടർന്നില്ല. ആഞ്ഞിലി, തേക്ക് തുടങ്ങി അഞ്ച് ലക്ഷത്തോളം വില വരുന്ന തടികളാണ് നശിച്ചത്. പുളിങ്കുന്ന് പൊലീസിൽ പരാതി നൽകി.