bcg

ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നട്ടെല്ല് തകരാറി​ന് നടത്തി​യ പ്രഥമ ശസ്ത്രക്രി​യ വി​ജയകരം. കറ്റാനം ഭരണിക്കാവ് ഇലിപ്പക്കുളം കണ്ടത്തിൽ വീട്ടിൽ ശശീന്ദ്രനാ (54)ണ് ഡിസംബർ 25ന് ശസ്ത്രക്രിയിയ്ക്ക് വിധേയനായത്. ദീർഘനാളായി നടുവേദന മൂലം നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്ന ശശീന്ദ്രന് ലംബാർ സ്‌പൈനൽ കോഡ് സ്റ്റിനോസിസ് ലാമിനക്ടമി ശസ്ത്രക്രിയയാണ് നടത്തി​യത്. ഓർത്തോപീഡിക് സ്‌പൈനൽ സർജൻ ഡോ. ഇബാദ്ഷായുടെ നിർദ്ദേശാനുസരണമാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ ശശീന്ദ്രനും കുടുംബവും തയ്യാറായത്.

ഡോ.ഇബാദ്ഷാ, ഓർത്തോ വിഭാഗത്തിലെ ഡോ. ദീപക് നായർ, ഡോ.അനു അഷറഫ്, ഡോ. വിശ്വനാഥൻ, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.ബബിൽ രാജ്, ഡോ.ശ്യാംപ്രസാദ്, എന്നി​വരും സ്റ്റാഫ് നഴ്‌സ് ബീന എസ്. ആർ നയിച്ച സപ്പോർട്ടിംഗ് ടീം എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ജില്ലയിൽ ഹരിപ്പാട് താലൂക്കാശുപത്രിയിൽ നട്ടെല്ലിലുള്ള ആദ്യ ശസ്ത്രക്രിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർണമായും സൗജന്യമായാണ് നടത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ശസ്ത്രക്രിയയിൽ പങ്കെടുത്ത എല്ലാ വിഭാഗം ജീവനക്കാരെയും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) പ്രത്യേകം അഭിനന്ദിച്ചു.