മാന്നാർ: പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ ജന്മ നാടായ ചെന്നിത്തലയിൽ
എൽ.ഡി.എഫിന് നിരുപാധിക പിന്തുണ നൽകാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു.
ആറ് സീറ്റ് ലഭിച്ചിട്ടും യു.ഡി.എഫിൽ പട്ടികജാതി വനിത ഇല്ലാത്തത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
ഇവിടെ ആറ് സീറ്റുളള ബി.ജെ.പിയ്ക്കും അഞ്ച് സീറ്റുളള എൽ.ഡി.എഫിനുമാണ് പട്ടികജാതി വനിത അംഗങ്ങളുളളത്. ബി.ജെ.പി ഭരണത്തിലെത്തുന്നത് തടയുവാൻ സി.പി.എമ്മിന്റെ സ്ഥാനാർഥിയെ പിന്തുണയ്ക്കുക മാത്രമെ കോൺഗ്രസിനു വഴിയുളളു.
ആറ് അംഗങ്ങളുളള യു.ഡി.എഫ് ,പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിഷ്പക്ഷ നിലപാട് സ്വീകരിച്ചൽ അത് ബി.ജെ.പിക്ക് അനുകൂലമാകുമെന്ന ചിന്തയാണ് സി.പി.എമ്മിനെ താത്കാലികമായി പിന്തുണയ്ക്കാൻ കോൺഗ്രസ് പ്രാദേശിക നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.
ബി.ജെ.പി.യെ അധികാരത്തിൽ നിന്നും അകറ്റുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടെയും പിന്തുണ തേടാതെ അഞ്ചാം വാർഡിൽ നിന്നും ജയിച്ച രവികുമാറിനെ മത്സരിപ്പിക്കാനും തീരുമാനിച്ചു.