s

പദ്ധതി ചുമതല കുടുംബശ്രീക്ക്

ആലപ്പുഴ: പഞ്ചായത്തുകളിൽ 'ഗ്രാമകം' എന്നപേരിൽ ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി വരുന്നു. കുടുംബശ്രീക്കാണ് ചുമതല. ജില്ലയിലെ കുടുംബശ്രീ കാമ്പയിൻ ഗ്രാമകം ആരംഭിച്ചു.

പഞ്ചായത്തുകളിലെ ഏറ്റവും സാധാരണക്കാരായ ആളുകളുടെ ആവശ്യങ്ങൾക്ക് മുഖ്യപരിഗണന നൽകാൻ തയ്യാറാക്കുന്ന ദാരിദ്ര്യ ലഘൂകരണ പദ്ധതിയാണ് ഗ്രാമകം. ഓരോ നാടിന്റെയും സമ്പൂർണ വികസനം സാദ്ധ്യമാക്കാനുള്ള ഗ്രാമീണ ദാരിദ്ര്യ ലഘൂകരണണമാണ് (വില്ലേജ് പോവർട്ടി റിഡക്ഷൻ പ്ലാൻ- വി.പി.ആർ.പി) ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തിലും ഗ്രാമ പഞ്ചായത്ത് വികസന പദ്ധതി (ജി.പി.ഡി.പി) തയ്യാറാകും. ഇത് അടുത്ത സാമ്പത്തിക വർഷത്തെ വികസന പദ്ധതിയുമായി യോജിപ്പിക്കും. ഇതിന്റെ ഭാഗമായി പ്രത്യേക അയൽക്കൂട്ടയോഗം ജനുവരി 5ന് ആരംഭിക്കും. 26ന് പഞ്ചായത്തുകൾക്ക് പദ്ധതി സമർപ്പിക്കും.

കാമ്പയിനിൽ പരിശീലന ടീം അംഗങ്ങളായ റിസോഴ്സ് പേഴ്സൺമാരെ തിരഞ്ഞെടുത്തു. ഇവർ സി.ഡി.എസ് തലത്തിലുള്ള പരിശീലനം പൂർത്തീകരിച്ചു. ഇനി എ.ഡി.എസ് തലത്തിലുള്ള പരിശീലനം നടക്കും. തുടർന്ന് വി.പി.ആർ.പി തയ്യാറാക്കാനായി പ്രത്യേക അയൽക്കൂട്ട യോഗം ചേർന്ന് വിവിധ ആവശ്യങ്ങൾ വിവരശേഖരണ ഫോമിൽ പൂരിപ്പിച്ചെടുക്കും. ഈ ഫോമുകൾ എഡി.എസ് തലത്തിൽ ക്രോഡീകരിച്ചു വാർഡ്തല പദ്ധതിയും തുടർന്ന് ഈ പദ്ധതികൾ ക്രോഡീകരിച്ച് പഞ്ചായത്തുതല പദ്ധതിയും തയ്യാറാക്കും. ശേഖരിച്ച വിവരങ്ങൾ പഞ്ചായത്തുകളുടെയും കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാരുടെയും നേതൃത്വത്തിൽ പ്രശ്ന പരിഹാരങ്ങളടങ്ങിയ ദാരിദ്ര്യ ലഘൂകരണ പദ്ധതി അവതരിപ്പിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. പുതുതായി സ്ഥാനമേറ്റെടുത്ത ജനപ്രതിനിധികളുടെ മുമ്പിൽ ഏറ്റവും താഴേത്തട്ടിൽ നിന്നുള്ള ആസൂത്രണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് തയ്യാറാക്കിയ വി.പി.ആർ.പി അവതരിപ്പിക്കപ്പെടുമ്പോൾ ജനങ്ങൾക്ക് ആവശ്യമുള്ള പദ്ധതികൾ ഏതൊക്കെയെന്ന് തിരിച്ചറിയാൻ കഴിയും.

ഗ്രാമകം വഴികാട്ടി


വിവിധ ക്ഷേമ പെൻഷനുകൾ, ഇൻഷ്വറൻസ് പരിരക്ഷ, തൊഴിലുറപ്പ് കാർഡ് തുടങ്ങിയ പദ്ധതികൾ, കൃഷി, മൃഗ പരിപാലനം, ചെറുകിട സംരംഭം, വിപണനം തുടങ്ങിയവയിൽ വ്യക്തികൾക്കും കൂട്ടായ്മകൾക്കുമുള്ള ഉപജീവന പദ്ധതികൾ, മദ്യപാനം, പരിസ്ഥിതി പ്രശ്‌നങ്ങൾ, പരിസര മലിനീകരണം തുടങ്ങിയവയ്ക്ക് പരിഹാരമാകാവുന്ന സാമൂഹ്യ വികസന പദ്ധതികൾ, റോഡ്, കുടിവെള്ളം, ആരോഗ്യം തുടങ്ങി പൊതുസ്വത്തിന്റെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണവും വികസനവും ഉൾപ്പെടുന്ന പദ്ധതികൾ എന്നിവയാണ് വി.പി.ആർ.പിയിൽ ഉൾപ്പെടുക.ഗ്രാമകത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് സമർപ്പിക്കാം.

നഗരങ്ങളിലേക്ക്

പഞ്ചായത്തിൽ പദ്ധതിയുടെ നടത്തിപ്പ് വിജയകരമായാൽ രണ്ടാംഘട്ടത്തിൽ നഗരങ്ങളിൽ ആവിഷ്കരിക്കും. വാർഡ് തലത്തിൽ ഇതിനുള്ള നടപടി ആരംഭിക്കും. അംഗങ്ങൾക്കു സൗജന്യമായാണ് കുടുംബശ്രീ ട്രെയിനിംഗ് നൽകുന്നത്.

പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ പഞ്ചായത്തുകളുടെ വികസനത്തിന് ഉപകരിക്കുമെന്നാണ് പ്രതീക്ഷ

(കെ.ബി.അജയകുമാർ,അസി.ജില്ലാമിഷൻ കോ ഓർഡിനേറ്റർ)