ആലപ്പുഴ:സാമൂഹ്യ നീതി പാലിക്കുന്ന സർവ്വതല സ്പർശിയായ വികസനമാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്നും പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ കേരളപര്യടനlത്തിന്റെ ഭാഗമായി പ്രിൻസ് കൺവെൻഷൻ സെന്ററിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്റി.
സർക്കാരിന്റെ പ്രധാനപ്പെട്ട നാല് മിഷനുകൾ സമൂഹത്തിന്റെ മുന്നേറ്റത്തിൽ വലിയ പങ്കാണ് വഹിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെ ലോകനിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തി. പുതുതായി ഏഴ് ലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ എത്തിയത്. ആർദ്റം മിഷനിലൂടെ കൈവരിച്ച നേട്ടങ്ങൾ കൊവിഡ് മഹാമാരിയെ ശക്തമായി നേരിടാൻ കേരളത്തെ സജ്ജമാക്കി. വാഗ്ദാനങ്ങൾ എല്ലാം പൂർത്തിയാക്കിയ സർക്കാർ പ്രകടന പത്രികയിൽ പറയാത്ത ഒട്ടേറെ പദ്ധതികളും നടപ്പാക്കി. പ്രകടന പത്രികയിലെ 600 പദ്ധതികളിൽ 570 എണ്ണവും നടപ്പാക്കി. ബാക്കിയുള്ള 30 പദ്ധതികൾ നടപ്പാക്കി വരുന്നു. എല്ലാ പദ്ധതികളും നാല് വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ശ്രമിച്ചത്. അപ്രതീക്ഷിതമായി എത്തിയ കൊവിഡ് അതിന് തടസമായി. കൊവിഡ് മഹാമാരിക്ക് മുന്നിൽ പല രാജ്യങ്ങളും പകച്ചു നിന്നപ്പോൾ നിശ്ചയദാർഢ്യത്തോടെയാണ് കേരളം അതിനെ നേരിട്ടത്.
തരിശ് രഹിത പദ്ധതിയും സുഭിക്ഷ കേരളം പദ്ധതിയും ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. ഹരിത കേരളം പദ്ധതിയിലൂടെ പച്ചക്കറി ഉത്പാദനം 7 ലക്ഷം ടണ്ണിൽ നിന്ന് 15 ലക്ഷം ടണ്ണാക്കി വർദ്ധിപ്പിച്ചു.
വ്യവസായ അന്തരീക്ഷത്തിൽ കാതലായ മാറ്റവും ഈ സർക്കാരിന്റെ കാലത്തുണ്ടായി. ചെറുകിട സംരംഭകർ അടക്കമുള്ളവർക്ക് സർക്കാർ വലിയ പിന്തുണ നൽകി. വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റി. സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനം നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനത്തിലും സേവനത്തിലും ഇത്രയും വിജയിച്ച സംസ്ഥാനത്തെ ആദ്യത്തെ സർക്കാർ ആണ് ഇതെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി ജി.സുധാകരൻ പറഞ്ഞു.
മന്ത്റി പി. തിലോത്തമൻ, എ.എം. ആരിഫ് എം.പി, എം.എൽ.എ മാരായ സജി ചെറിയാൻ, ആർ. രാജേഷ്, യു. പ്രതിഭ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ്, ആർ.നാസർ, സത്യൻ മൊകേരി, ടി.ജെ.ആഞ്ചലോസ്, പി.പി. ചിത്തരഞ്ജൻ, സി.ബി. ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിലെ പ്രഗത്ഭർ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മുഖ്യമന്ത്റിയുമായി പങ്കുവച്ചു.