
തുറവൂർ: കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് ഇനി ബി.ജെ.പി ഭരിക്കും. ജില്ലയുടെ വടക്കൻ മേഖലയിൽ ഇതാദ്യമായാണ് ഒരു പഞ്ചായത്ത് ഭരണം ബി.ജെ.പി.പിടിക്കുന്നത്. കേവല ഭൂരിപക്ഷമില്ലെങ്കിലും 15-ൽ 7 സീറ്റ് നേടി കരുത്ത് തെളിയിച്ച ബി.ജെ.പി പ്രസിഡൻറ്. വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിലും വിജയം കുറിച്ചു. പ്രസിഡന്റായി ബിനീഷ് ഇല്ലിക്കലും വൈസ് പ്രസിഡൻറായി അഖിലാ രാജനും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും 7 വോട്ടുകൾ വീതം നേടി. പഞ്ചായത്തിൽ യു.ഡി.എഫിന് 5 ഉം എൽ.ഡി.എഫിന് 3 ഉം സീറ്റുകളാണ് ഉള്ളത്. യു.ഡി.എഫിൽ നിന്ന് പ്രസിഡൻറ് ,വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ച വി.ജി. ജയകുമാർ , അംബികാ ബാബു എന്നിവർക്ക് 5 വോട്ടുകൾ വീതം ലഭിച്ചു. ഇരു സ്ഥാനങ്ങളിലേക്കും മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ആദ്യം 3 വോട്ടു മാത്രം ലഭിച്ചതിനാൽ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ ബി.ജെ.പി.യ്ക്കോ കോൺഗ്രസിനോ വോട്ട് ചെയ്യാതെ എൽ.ഡി.എഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.ബി.ജെ.പി.യ് ക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് എൽ.ഡി.എഫ് അംഗങ്ങൾ വോട്ട് ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമായത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഖിലാ രാജൻ എഴുപുന്ന തെക്ക് ചങ്ങരം ഗവ.സ്കൂളിലെ താത്കാലിക അദ്ധ്യാപികയാണ്.പ്രസിഡൻറായ ബിനീഷ് ഇല്ലിക്കൽ ബി.ജെ.പി കോടംതുരുത്ത് പഞ്ചായത്ത് സമിതിയുടെ പ്രസിഡന്റാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ അംഗമായിരുന്ന ബിനീഷ് വല്ലേത്തോട് സ്റ്റാൻഡിലെ ഓട്ടോ ടാക്സി ഡ്രൈവറുമാണ് .