മാവേലിക്കര: സീസൺ ആരംഭിച്ചപ്പോൾ തന്നെ ഭരണിക്കാവ് സഹകരണ ബാങ്കിൽ മാമ്പഴം, പൈനാപ്പിൾ മേള ആരംഭിച്ചു. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ദീപയും വൈസ് പ്രസിഡന്റ് സുരേഷ്.പി മാത്യുവും ചേർന്ന് മാമ്പഴ, പൈനാപ്പിൾ മേള ഉദ്ഘാടനം ചെയ്തു. ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ശേഷം നടന്ന ആദ്യത്തെ പൊതു പരിപാടിയായിരുന്നു ഇത്. ബാങ്ക് ആക്ടിംഗ് സെക്രട്ടറി ജി.ഉഷയ്ക്ക് ഇരുവരും ചേർന്ന് പൈനാപ്പിളും മാമ്പഴവും നൽകി ആദ്യവിൽപന നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കോശി അലക്സ് അദ്ധ്യക്ഷനായി.
കൊവിഡ് കാലത്ത് ലോക് ഡൗൺ പ്രതിസന്ധി മൂലം മാമ്പഴവും പൈനാപ്പിളും വിൽക്കാനാകാതെ വലയുന്ന കർഷകരെ സഹായിക്കുന്നതിനാണ് മാമ്പഴ, പൈനാപ്പിൾ മേള ഭരണിക്കാവ് സഹകരണ ബാങ്ക് ആരംഭിച്ചത്. ആദ്യദിനം തന്നെ വലിയ പിന്തുണയാണ് പൊതുജനങ്ങളിൽ നിന്നും ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. ബാങ്ക് അങ്കണത്തിലുള്ള എക്കോ ഷോപ്പ് വഴിയാണ് വിപണനം നടത്തുന്നത്. കൂടാതെ വിഷരഹിത പച്ചക്കറികളും നാടൻ ഉൽപ്പന്നങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.