മുതുകുളം: കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നതിനെ തുടർന്ന് ചിങ്ങോലി ഗ്രാമപ്പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുടങ്ങി . പതിമൂന്നിൽ ഏഴ് അംഗങ്ങളാണ് കോൺഗ്രസിനുളളത്. എൽ.ഡി.എഫിന് ആറും. രാവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി കോൺഗ്രസിലെ അഞ്ച് അംഗങ്ങൾ എത്തിയിരുന്നു . എന്നാൽ, ഭരണം കൈവിട്ടു പോകുമോയെന്ന ആശങ്കയിൽ അവർ ഒപ്പിടാതെ മടങ്ങി. ഒരു അംഗത്തിന്റെ മാത്രം ഭൂരിപക്ഷമുളളതിനാൽ വോട്ടെടുപ്പ് നടന്നാൽ എൽ.ഡി.എഫ്. അട്ടിമറി വിജയം നേടുന്ന സാഹചര്യമുണ്ടായേനെ. ഉച്ചയ്ക്കുശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും കോൺഗ്രസിലെ ഒരാൾ പോലും എത്തിയില്ല. ഇതോടെ വരണാധികാരി താലൂക്ക് സപ്‌ളൈ ഓഫീസർ എം.ആർ.മനോജ്കുമാർ തിരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റി വെച്ചു . അംഗങ്ങളിൽ പകുതി പേർ ഹാജരായില്ലെങ്കിൽ തിരഞ്ഞെടുപ്പ് അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റണമെന്ന് ചട്ടമുണ്ട് .