ചേർത്തല: വയലാറിൽ സി.പി.ഐ നേതൃത്വത്തെ ഞെട്ടിച്ച് പ്രാദേശിക നേതൃത്വത്തിന്റെ പ്രതിഷേധം. ഇതോടെ തിരഞ്ഞെടുപ്പു നടപടികൾ അരമണിക്കൂറോളം നീണ്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്ന സി.പി.ഐ അംഗങ്ങളെ മന്ത്റി പി.തിലോത്തമൻ ഉൾപ്പെടെയെത്തി അനുനയിപ്പിച്ചാണ് തിരഞ്ഞെടുപ്പിൽ പങ്കെടുപ്പിച്ചത്.
സി.പി.ഐക്കും സി.പി.എമ്മിനും അഞ്ചംഗങ്ങൾ വീതമുള്ള വയലാറിൽ ജില്ലാതലത്തിലുണ്ടായ ധാരണ പ്രകാരം രണ്ടര വർഷം വീതമാണ് ഇരുപാർട്ടികൾക്കും പ്രസിഡന്റ് സ്ഥാനം. എന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനം മുഴുവൻ സമയവും സി.പി.എമ്മിനാണ് നൽകിയത്.എൽ.ഡി.എഫ് ചർച്ചകളിൽ സി.പി.ഐ നേതാക്കൾ വേണ്ടത്ര അവകാശവാദങ്ങൾ ഉന്നയിച്ചില്ലെന്നാണ് പ്രാദേശിക നേതാക്കളുടെ വിമർശനം. വയലാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ജി.അശോകൻ,വെസ്റ്റ് സെക്രട്ടറി സി.ആർ.ബാഹുലേയൻ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ തന്നെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചംഗങ്ങളും പഞ്ചായത്തിനു സമീപം നാഗംകുളങ്ങര കവലയിലുള്ള പാർട്ടി ലോക്കൽ കമ്മിറ്റി ഓഫീസിൽ ക്യാമ്പു ചെയ്‌തെങ്കിലും പഞ്ചായത്തിലേക്കെത്തിയില്ല.
തിരഞ്ഞെടുപ്പ് നടന്നാൽ യു.ഡി.എഫിന് അനുകൂലമാകുമെന്ന നിലവന്നതോടെ സി.പി.ഐ നേതൃത്വം വിഷയത്തിൽ ഇടപെടുകയായിരുന്നു.മന്ത്റി പി.തിലോത്തമനും,സംസ്ഥാന കൗൺസിൽ അംഗം പി.വി.സത്യനേശനും സ്ഥലത്തെത്തി പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തി.നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധമുയർത്തിയതായാണ് വിവരം.പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിലാണ് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ തയ്യാറായത്.
എൽ.ഡി.എഫിലോ പാർട്ടിയിലോ തർക്കമോ പ്രതിഷേധമോ ഉണ്ടായിട്ടില്ലെന്നും വയലാറിൽ ഉണ്ടായത് ആശയക്കുഴപ്പം മാത്രമാണെന്നും സി.പി.ഐ മണ്ഡലം സെക്രട്ടറി എം.സി.സിദ്ധാർത്ഥൻ പറഞ്ഞു.