s

10, പ്ളസ് ടു ക്ളാസുകൾ ഇന്നു തുടങ്ങും

ആലപ്പുഴ: കാത്തിരിപ്പിന് വിരാമമിട്ട് സ്കൂൾ ബെല്ലുകൾ വീണ്ടും മുഴങ്ങുന്നു. 10, പ്ളസ്ടു ക്ളാസുകൾക്കാണ് പുതുവത്സരപ്പിറവിയായ ഇന്ന് പരീക്ഷണാർത്ഥം തുടക്കമാവുന്നത്. താഴേക്കുള്ള ക്ളാസുകൾ ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

ഒരു ബെഞ്ചിൽ ഒരാളെ മാത്രം ഇരുത്തി മൊത്തം 15 പേരെ ഉൾക്കൊള്ളിച്ച് ഓരോ ക്ലാസും നടത്താനാണ് നിർദ്ദേശം. ഹയർസെക്കൻഡറിയിലെ ഒട്ടുമിക്ക ക്ലാസ് റൂമുകളുടെയും വിസ്തൃതി 20 X 20 അടിയാണ്. പരമാവധി 10 ബെഞ്ച് മാത്രമേ ഇടാൻ കഴിയൂ. പൊതു പരീക്ഷകൾ എല്ലാം ഒരു ബെഞ്ചിൽ രണ്ടു പേരെ ഇരുത്തിയാണ് നടത്തിയത്. ഇപ്പോൾ നടക്കുന്ന ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷയും ഒരു ബെഞ്ചിൽ രണ്ടുപേരെ ഇരുത്തിയാണ് നടത്തുന്നത്. രാവിലെയും ഉച്ചയ്ക്കു ശേഷവും 15 കുട്ടികളെ വീതം ഇരുത്തിയാൽ 65 കുട്ടികളുള്ള ഒരു ഹയർസെക്കൻഡറി ബാച്ചിൽ കുട്ടികൾക്കെല്ലാം ക്ലാസ് കിട്ടണമെങ്കിൽ 2 ദിവസത്തിലേറെ വേണം.

സാമൂഹിക അകലവും പകർച്ചവ്യാധിക്കുള്ള സാഹചര്യവും ഒഴിവാക്കാൻ ആഴ്ചകളായി വലിയ മുന്നൊരുക്കങ്ങളാണ് വിദ്യാലയങ്ങളിൽ നടക്കുന്നത്. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർ ഉൾപ്പടെയുള്ള ജീവനക്കാർക്കും സ്കൂളിലെത്തിയ ശേഷം ഉപയോഗിക്കാനുള്ള സാനിട്ടൈസർ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസാണ് നൽകിയിരിക്കുന്നത്. 5 ലിറ്റർ കാനിലുള്ള ഹാൻഡ് സാനിട്ടൈസറാണ് ഓരോ സ്കൂളിലും എത്തിച്ചിരിക്കുന്നത്. ഇവ പ്രയോജനപ്പെടുത്താൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തേണ്ടതും അപകടരഹിതമായ സ്ഥലങ്ങളിൽ സൂക്ഷിക്കേണ്ടതും പ്രഥമാദ്ധ്യാപകരുടെ ചുമതലയാണ്.

കയർ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഒരു വെറ്റ് മാറ്റ്, ഒരു ഡ്രൈ മാറ്റ്, പ്ലാസ്റ്റിക് ട്രേ, ഒരു ലിറ്റർ അണുനശീകരണ ലായിനി എന്നിവ ഉൾപ്പെടുന്ന കിറ്റ് സ്കൂളുകളിൽ എത്തിക്കും. ഇന്നു മുതൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം അദ്ധ്യാപകരും അനദ്ധ്യാപകരും എൽ.പി, യു.പി അറ്റാച്ച്‌ഡ് ഹൈസ്കൂളിലെ അദ്ധ്യാപകരും നിർബന്ധമായും സ്കൂളിൽ ഹാജരാകണം. തുടർന്നുള്ള ദിവസങ്ങളിൽ പ്രഥമാദ്ധ്യാപകർ നിശ്ചയിക്കുന്ന പ്രകാരം അക്കാദമിക, അക്കാദമികേതര ചുമതലകൾ ഏറ്റെടുക്കണം. വർക്ക് ഫ്രം ഹോം ആനുകൂല്യത്തിന് അർഹതയുള്ള ജീവനക്കാർക്കും അദ്ധ്യാപകർക്കും അതിനുള്ള അവസരവും ലഭിക്കും.

 എങ്ങനെ സാമൂഹിക അകലം?

പൊതുഗതാഗതത്തെ ആശ്രയിച്ചു സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക്‌ സാമൂഹിക അകലം എങ്ങനെ സൂക്ഷിക്കാനാകുമെന്നതാണ് മറ്റൊരു ആശങ്ക. സ്കൂളുകൾ തുറക്കുമ്പോൾ ബസുകളിൽ തിരക്ക് വർദ്ധിക്കും. പ്ലസ് ടു കുട്ടികളെ പോലെ തന്നെ പൊതു പരീക്ഷയെ അഭിമുഖീകരിക്കേണ്ട പ്ലസ് വൺ കുട്ടികളും ആശങ്കയിലാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി കേരളത്തിൽ പ്ലസ് വൺ പരീക്ഷയും പൊതു പരീക്ഷ ആണെന്നിരിക്കെ എന്ന് നടക്കും എന്ന കാര്യത്തിൽ തീരുമാനമായില്ല.

പോയിന്റുകൾ മുൻകൂട്ടി

പരീക്ഷയ്ക്ക് ചോദിക്കുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തി ഫോക്കസ് പോയിന്റുകൾ അതത് ഡിപ്പാർട്ട്മെന്റുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇത് അദ്ധ്യാപകർക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഹയർസെക്കൻഡറി പ്രാക്ടിക്കൽ ക്ലാസുകളെ സംബന്ധിച്ചും നിർദേശമില്ല. തിയറി പരീക്ഷ കഴിഞ്ഞാലുടൻ പ്രാക്ടിക്കൽ പരീക്ഷയും നടത്തിയാലേ ഫലപ്രഖ്യാപനം സാദ്ധ്യമാകൂ. മുൻവർഷങ്ങളിൽ തിയറി പരീക്ഷയ്ക്ക് മുൻപ് പ്രാക്ടിക്കൽ നടത്തിയിരുന്നു. തിയറിയുമായി ബന്ധപ്പെട്ട കുറച്ച് പാഠഭാഗങ്ങൾ ഓൺലൈൻ ക്ലാസിലൂടെ എടുത്തിട്ടുണ്ടെങ്കിലും പ്രായോഗിക പരീക്ഷയ്ക്ക് ആവശ്യമായ ഒരു ക്ലാസും ഇതുവരെ നൽകാൻ കഴിഞ്ഞിട്ടില്ല. പരീക്ഷണങ്ങൾ ചെയ്യുന്നതോടൊപ്പം റെക്കോർഡു ബുക്കുകൾ തയ്യാറാക്കുന്ന ഭാരിച്ച ജോലിയും വിദ്യാർത്ഥികളുടെ മുന്നിലുണ്ട്. തത്കാലം തിയറി പരീക്ഷയ്ക്ക് ശേഷം മതി പ്രായോഗിക പഠനം എന്ന ഡിപ്പാർട്ട്മെന്റ് നിർദ്ദേശം അദ്ധ്യാപകരിലും വിദ്യാർത്ഥികളിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

..........................

വിദ്യാർത്ഥികളും പൊതുജനങ്ങളും ഒരേ ബസിൽ തിക്കിത്തിരക്കി യാത്ര ചെയ്യേണ്ടി വരുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ആശങ്കയിലാണ്. എന്നിരുന്നാലും ക്ലാസ് മുടക്കാൻ കഴിയില്ല. സ്കൂളുകളിൽ നിലവിൽ ഒരുക്കുന്ന ക്രമീകരണങ്ങളിൽ സംതൃപ്തിയുണ്ട്

ബാബുപ്രസാദ്, രക്ഷിതാവ്