
അസൗകര്യങ്ങൾക്ക് നടുവിൽ ആലപ്പുഴയിലെ പഞ്ചകർമ്മ ആശുപത്രി
ആലപ്പുഴ: അസൗകര്യങ്ങൾക്കു നടുവിൽ ഗവ.ആയുർവേദ പഞ്ചകർമ്മാശുപത്രി വീർപ്പുമുട്ടുന്നു. വേണ്ടത്ര സൗകര്യമില്ലാത്ത ആശുപത്രി കെട്ടിടം രോഗികളെയും ജീവനക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. 20 കിടക്കകൾ മാത്രമുള്ള കെട്ടിടത്തിന്റെ അവസ്ഥ ദയനീയമാണ്. കൈതവനയിലെ വാടക കെട്ടിടത്തിലാണ് ആശുപത്രി ഇപ്പോൾ പ്രവർത്തിക്കുന്നത്.
അടച്ചുറപ്പുള്ള വാതിലുകളോ സ്ഥലസൗകര്യങ്ങളോ ഇല്ലെന്ന് ജീവനക്കാർ പറയുന്നു. കെട്ടിടം ഉപയോഗിക്കാൻ അനുയോജ്യമല്ലെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. കെട്ടിടം സുരക്ഷിതമല്ലാത്തതിനാൽ മറ്റൊരിടത്തേയ്ക്ക് താത്കാലികമായി ആശുപത്രി മാറ്റാനുള്ള നീക്കത്തിലാണ് അധികൃതർ. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് ആശുപത്രിയുടെ പ്രവർത്തന സമയം. മൂന്ന് ഡോക്ടർമാർ,എട്ട് തെറാപ്പിസ്റ്റ്,മൂന്ന് നഴ്സുകാർ ഉൾപ്പടെ 21ജീവനക്കാർ ഇവിടെയുണ്ട്. 15,000 രൂപയാണ് കെട്ടിടത്തിന് മാസവാടക. ആലപ്പുഴ നഗരസഭ പരിധിയിൽ തന്നെ ആശുപത്രി മാറ്റി സ്ഥാപിക്കാൻ കേെട്ടിടം നോക്കുന്നുണ്ടെങ്കിലും നടപടികൾ ഇഴയുകയാണെന്ന് പരാതി ഉയരുന്നു. പഞ്ചകർമ്മ ആശുപത്രിക്ക് സ്ഥിരം കെട്ടിടത്തിനുള്ള പണിതുടങ്ങിയിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. ആയുഷിന്റെ സഹായത്തോടെ വലിയ ചുടുകാടിന് സമീപത്താണ് കെട്ടിടം പണി തുടങ്ങിയത്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട്10 വർഷത്തോളമായെങ്കിലും പണി പാതി വഴിയിലാണ്. മൂന്നുകോടി രൂപയാണ് ഇനിയും നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. കെട്ടിടത്തിനായി പണിത തൂണുകൾക്ക് ബലക്ഷയം ഉണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ പഞ്ചകർമ്മ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. കിടപ്പ് രോഗികൾക്ക് ടോയ്ലറ്റ് പ്രശ്നമാണ് അതിരൂക്ഷം. പഞ്ചകർമ്മ ആശുപത്രിയിൽ പടികൾക്ക് പകരം റാമ്പാണ് വേണ്ടത്. എന്നാൽ റാമ്പിന് പകരം ഉയർന്ന പടിക്കെട്ടുകളാണ് ഇവിടെയുള്ളത്.
നോക്കുകുത്തിയായി കെട്ടിടം
വലിയചുടുകാടിന് സമീപത്ത് പഞ്ചകർമ്മ ആശുപത്രിക്കായി പണിത കെട്ടിടം പാതി പൂർത്തിയായ നിലയിലാണ്. കേന്ദ്രസർക്കാരിന്റെ കോടിക്കണക്കിന് രൂപയാണ് ആർക്കും ഒരു പ്രയോജനവുമില്ലാതെ പാഴാകുന്നത്. ആദ്യം നിർമ്മാണ പ്രവർത്തനത്തിന് 2 കോടി രൂപ ചെലവാക്കിയിരുന്നു. പുതിയ പഞ്ചകർമ്മ ആശുപത്രി കെട്ടിടം സ്ഥാപിക്കാനൊരുങ്ങുന്നത് 2010ലാണ്. കെ.സി. വേണുഗോപാൽ എം.പി കേന്ദ്ര ആരോഗ്യമന്ത്രിക്ക് നൽകിയനിവേദനത്തെത്തുടർന്ന് കേന്ദ്രസർക്കാരിന്റെ ആയുഷ് മന്ത്രാലയം പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പു നൽകി. തുടർന്ന് വലിയചുടുകാട് ജംഗ്ഷന് സമീപം ആലപ്പുഴ നഗരസഭയുടെ 1.6 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. അഞ്ചുകോടി രൂപ ആയുഷ് മന്ത്രാലയം കെട്ടിടനിർമ്മാണത്തിന് അനുവദിച്ചു. 2014ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടു. കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഫ്രീ ഫാബിനായിരുന്നു നിർമ്മാണചുമതല. 2015 ജനുവരി 27ന് കെട്ടിടനിർമ്മാണം പൂർത്തിയാകുമെന്നായിരുന്നു കരാർ. എന്നാൽ നൂലാമാലകളിൽപെട്ട് കെട്ടിടനിർമ്മാണം പാതിവഴിയിൽ നിലച്ചു.
1.6 : ആശുപത്രിക്കായി നഗരസഭയിൽ നിന്ന് സർക്കാർ ഏറ്റെടുത്തത് 1.6 ഏക്കർ
2014 : കെട്ടിടത്തിന് തറക്കല്ലിട്ടു
5 കോടി രൂപ: ആയുഷ് മന്ത്രാലയം കെട്ടിടനിർമ്മാണത്തിന് അനുവദിച്ചത്
കെട്ടിടത്തിന്റെ ബലക്ഷയം
മൂന്നുനില കെട്ടിടത്തിനാണ് അഞ്ചുകോടി രൂപ അനുവദിച്ചത്. ഒന്നാംനില പൂർത്തിയായി കഴിഞ്ഞാൽ വാടകകെട്ടിടത്തിൽ നിന്നും ജില്ലാ പഞ്ചകർമ്മ ആശുപത്രി ഇവിടേക്ക് മാറ്റാൻ ധാരണയായിരുന്നു.
പണി പുരോഗമിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒന്നാംനിലയിലെ തൂണുകൾ ഇളകുന്നതായും നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും ആരോപണം ഉയർന്നു.
എൻജിനീയറിംഗ് വിഭാഗം നടത്തിയ പരിശോധനയിൽ ആശുപത്രിയുടെ രൂപരേഖയിൽ വ്യതിയാനം സംഭവിച്ചതായി കണ്ടെത്തി.
ഇതോടെ പണി നിലച്ചു. കരാറുകാരെ മാറ്റിയിട്ടും ഫലമുണ്ടായില്ല.
ഒന്നും ശരിയായില്ല !
ഗവ. ആയുർവേദ പഞ്ചകർമ്മ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ആക്കുന്നതിന്റെ ഭാഗമായി മുടങ്ങിക്കിടന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി 2018ൽ 5,34,68,286 രൂപയുടെ പുനർ ഭരണാനുമതി നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചിരുന്നു. എല്ലാ അപാകതകളും പരിഹരിച്ച് വീണ്ടും നിർമ്മാണം തുടങ്ങാനാണ് അനുമതി നൽകിയത്. എന്നിട്ടും തുടർനടപടികൾ വൈകി. അധികം താമസിക്കാതെ കെട്ടിടത്തിന്റെ പണി ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.
..........
" കെട്ടിടത്തിന്റെ ബലക്ഷയമാണ് ഇപ്പോഴും പുനർനിർമ്മാണം ആരംഭിക്കുന്നതിനുള്ള തടസം. ഉടൻ ഗവേണിംഗ് ബോഡി മീറ്റിംഗ് നടത്തി പ്രശ്നത്തിന് പരിഹാരം കൈക്കൊള്ളും. ഉടൻ തന്നെ തുടർനിർമ്മാണം ആരംഭിക്കും.
(ജില്ലാ ആയുർവേദ ഓഫീസ് അധികൃതർ)
" ഗവ.ആയൂർവേദ പഞ്ചകർമ്മ ആശുപത്രി ഒരു വീട്ടിലാണ് പ്രവർത്തിക്കുന്നത്. അതിന്റേതായ അസൗകര്യങ്ങളുണ്ട്. ജീവനക്കാരുടെ കുറവ് ഇല്ല. നഗരപരിധിയിൽ സൗകര്യമുള്ള മറ്റൊരു കെട്ടിടം നോക്കുന്നുണ്ട്.
(ഡോ.അരുൺ,ഗവ.ആയുർവേദ പഞ്ചകർമ്മാശുപത്രി ഇൻ-ചാർജ്)