ആലപ്പുഴ: പോസ്റ്റ്മോർട്ടം പരിശോധന സർക്കാർ പൊതുസമൂഹത്തിന് നൽകുന്ന സൗജന്യ സേവനമാണെന്നും ഇതിന്റെ ക്രമം തെറ്റിക്കാനുള്ള ഒരു ശുപാർശയും സ്വീകരിക്കാൻ കഴിയില്ലെന്നും ആലപ്പുഴ മെഡി. ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ അറിയിച്ചു. ഇതിനായി ഒരു ജീവനക്കാരനും പണമോ, പാരിതോഷികങ്ങളോ നൽകാൻ പാടില്ല. പോസ്റ്റുമോർട്ടം പരിശോധന ക്രമം തെറ്റിച്ച് ചെയ്യാൻ നിയമം അനുവദിക്കുന്നില്ല. വിഭാഗത്തിന്റെ പ്രവർത്തനം കോടതികളുടെയും മറ്റ് സർക്കാർ സംവിധാനങ്ങളുടെയും നേരിട്ടുള്ള നിരീക്ഷണത്തിലാണ്. പൊലീസ് ഇൻക്വസ്റ്റിനു ശേഷം തയ്യാറാക്കുന്ന പത്രിക സ്വീകരിച്ച ശേഷമാണ് മോർച്ചറികളിൽ പോസ്റ്റ് മോർട്ടം നടത്തുന്നത്. പകൽ 10 മുതൽ വൈകിട്ടു നാലുവരെയാണ് ഫോറൻസിക് മെഡിസിൻ വിഭാഗം പ്രവർത്തിക്കുന്നത്. കൊവിഡ് കാലം ആയതിനാൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയ ശേഷമാണ് പോസ്റ്റുമോർട്ടം പരിശോധനയെന്നും സൂപ്രണ്ട് അറിയിച്ചു.