
കായംകുളം: ശ്രീനാരായണ ഗുരുദേവൻ പഠിച്ച പുതുപ്പള്ളി വാരണപ്പള്ളിയിലെ ഗുരുഗുലം ശാഖായോഗത്തിൽ ഗുരുദേവ ധ്യാനകേന്ദ്രം പൂർണതയിലേക്ക്. ഗുരുമന്ദിരത്തിന് പകരമാണ് ഭക്തർക്ക് ഗുരുവിനെ ധ്യാനിക്കാൻ വേറിട്ട ഒരാശയമെന്ന നിലയിൽ, കന്യാകുമാരി വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ധ്യാനകേന്ദ്രം ഒരുക്കുന്നത്.
കേരളീയ വാസ്തുശില്പ മാതൃകയിൽ 35 ലക്ഷം ചിലവിട്ട് നിർമ്മിക്കുന്ന മണ്ഡപത്തിന്റെ 90 ശതമാനം പണികളും പൂർത്തിയായി. മാർച്ചിൽ തുറക്കാനാവുമെന്നാണ് പ്രതീക്ഷ. 300 ചതുരശ്ര അടിയുള്ള മണ്ഡപത്തിൽ ഒരേസമയം 25 പേർക്ക് നിലത്ത് ധ്യാനത്തിലിരിക്കാൻ കഴിയും. വെളിച്ചമില്ലാത്ത മുറി ശീതീകരിച്ചതാണ്. ഗുരുദേവ പ്രതിഷ്ഠ ഇല്ലങ്കിലും നേർത്ത വെളിച്ചത്തിൽ ഗുരുവിന്റെ അദൃശ്യ രൂപം മുന്നിലുള്ള ഭിത്തിയിൽ സിമന്റിൽ കോറിയിട്ടിട്ടുണ്ട്. പരചിന്ത കൂടാതെ ഏകാഗ്രമായി ഗുരുദേവനിൽ ശ്രദ്ധയർപ്പിച്ച് നടത്തുന്ന ഉപാസനയാവും ഇവിടത്തെ ധ്യാനം.
ആദ്യ ഘട്ടത്തിൽ രാവിലെയും വൈകിട്ടുമാണ് മണ്ഡപം തുറക്കുന്നത്. ധ്യാനം പരിശീലിപ്പിക്കാൻ ഗുരുക്കൻമാരും ഉണ്ടാകും. എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ 6163-ാം നമ്പർ ശാഖയാണ് വാരണപ്പള്ളി ഗുരുകുലം ശാഖ. പുതുപ്പള്ളി കരുണാലയത്തിൽ കരുണാകരപ്പണിക്കരുടെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ മകൻ ജയകുമാറും കരുണാലയത്തിൽ കുടുംബവുമാണ് നിർമ്മാണ ചുമതല വഹിക്കുന്നത്. ഗുരുദേവൻ താമസിച്ച വാരണപ്പള്ളി വീടിന്റെ പിന്നിലുള്ള വിശാലമായ വയലിന് നടുവിലാണ് ധ്യാനമണ്ഡപം. ഗുരു ഓടിക്കളിച്ച വയലിലെ മണ്ഡപത്തിന് ചരിത്ര പ്രാധാന്യവും ഏറും.