ആലപ്പുഴ: സ്വന്തം പഞ്ചായത്തിൽ സി.പി.എമ്മിനെ ഭരണത്തിലെത്തിക്കാൻ കോൺഗ്രസ് അംഗങ്ങളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ച രമേശ് ചെന്നിത്തല ആത്മാഭിമാനം ഉണ്ടെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാൻ തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശൻ, സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ്, മേഖല പ്രസിഡന്റ് കെ.സോമൻ, ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ, പി.കെ. വാസുദേവൻ, ഡി.അശ്വനിദേവ് എന്നിവർ സംസാരിച്ചു. നാളെ രമേശ് ചെന്നിത്തലയുടെ വസതിക്കു സമീപം ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ ഉപവാസം നടത്താനും തീരുമാനിച്ചു.