
ചേർത്തല: കടക്കരപ്പള്ളി ഒറ്റമശേരിയിൽ കടൽ കയറ്റം മൂലം നൂറോളം വീടുകൾ വെള്ളത്തിലായി. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് കടലേറ്റം തുടങ്ങിയത്. പുലർച്ചെ 5വരെ ഇത് തുടർന്നു.
ഗ്രാമപഞ്ചായത്തിന്റെ 1,12,14 വാർഡുകളിലാണ് കടൽ കയറ്റം നാശം വിതച്ചത്. വീട്ടുപകരണങ്ങളെല്ലാം നശിച്ചു. സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനാകാതെ ജനം വലഞ്ഞു.
നിരവധി വീടുകളുടെ അടിത്തറകൾക്ക് തകർച്ചയുണ്ടായി. മതിലുകളും വേലികളും തകർന്നു. തെങ്ങ് ഉൾപ്പെടെ ഒട്ടേറെ വൃക്ഷങ്ങളും ഏതു സമയവും അപകടമുണ്ടാകാവുന്ന നിലയിലാണ്.
200 മീറ്ററോളം കടൽഭിത്തി ഇല്ലാത്ത സ്ഥലത്തുകൂടിയാണ് കടലേറ്റമുണ്ടായത്. തിരിച്ചൊഴുകാൻ ഓടകൾ പോലും ഇല്ലാത്തതിനാൽ വെള്ളം മണിക്കൂറുകളോളം കെട്ടിക്കിടന്നു. രാവിലെ കളക്ടർ എ. അലക്‌സാണ്ടർ, ആർ.ഡി.ഒ ഇൻചാർജ് എ.വി. അനിൽകുമാർ, തഹസിൽദാർ ആർ. ഉഷ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. മന്ത്റി പി. തിലോത്തമൻ, എം.പിമാരായ എ.കെ. ആന്റണി, എ.എം. ആരിഫ് തുടങ്ങിയവർ കളക്ടർ അടക്കമുള്ളവരെ വിളിച്ച് അടിയന്തിരമായി പരിഹാരം കാണാൻ നിർദ്ദേശം നൽകി.
കടലേറ്റം കൂടുതലുള്ള സ്ഥലത്ത് മണൽചാക്കുകൾ അടുക്കാൻ അധികൃതർ നടപടി ആരംഭിച്ചു. കെട്ടിക്കിടന്ന വെള്ളം അഗ്നിരക്ഷാസേന എത്തി തിരികെ കടലിലേക്കു വിട്ടു. വൈകിട്ട് ശക്തമായ മഴ വന്നതോടെ അഗ്നിരക്ഷാസേനയുടെ പ്രവർത്തനങ്ങൾക്കു തടസം നേരിട്ടു.വെള്ളം വറ്റിക്കൽ ഇന്നു തുടരും.