
ചേർത്തല: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമലിന്റെ ജീവൻ നിലനിറുത്താൻ ഡി.വൈ.എഫ്.ഐ മുഹമ്മ മേഖലാ കമ്മറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത് രണ്ടു ലക്ഷം രൂപ.
ആലപ്പുഴ പൂങ്കാവ് കുരിശടിക്കുസമീപം ഡിസംബർ 3ന് കണ്ടെയ്‌നർ ലോറിയും ടിപ്പറുമായി ഇടിച്ചുണ്ടായ അപകടത്തിലാണ് മുഹമ്മ ആര്യക്കര മൂപ്പശേരിയിൽ സുനിൽ-സ്മിത ദമ്പതികളുടെ മകൻ അമലിന് (23) ഗുരുതരമായി പരിക്കേറ്റത്. ടിപ്പർ ലോറി ഡ്രൈവറായ അമലിന്റെ തലയോട്ടി മാറ്റിവയ്ക്കേണ്ടിവന്നു. പ്ലീഹയും നീക്കംചെയ്തു. തുടയെല്ലും വാരിയെല്ലും തകർന്നു.
മൂന്നു മാസക്കാലമെങ്കിലും വെന്റിലേറ്ററിൽ കഴിയണമെന്നാണ് ഡോക്ടർമാർ പറയുന്നത്.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അമൽ.
ഇതുവരെ പത്തു ലക്ഷത്തിലേറെ രൂപ ചിലവായി. ഇനിയും വേണം 15 ലക്ഷം. ഡി.വൈ.എഫ്.ഐയുടെ നൂറുകണക്കിനു പ്രവർത്തകർ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് ബിരിയാണി ചലഞ്ചിലൂടെയാണ് പണം കണ്ടെത്തിയത്. 2,00380 രൂപ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് അമലിന്റെ അമ്മൂമ്മയ്ക്ക് കൈമാറി.ജില്ലാ സെക്രട്ടറി ആർ.രാഹുൽ,അരുൺ പ്രശാന്ത്,ജെ.ജയലാൽ,ടി.ഷാജി,കെ.എൻ.ബാഹുലേയൻ,എൻ.ടി റെജി എന്നിവർ പങ്കെടുത്തു.