
ചേർത്തല: ആശ പ്രവർത്തകയിൽ നിന്നു തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്കെത്തിയ മഞ്ജു സുരേഷിന് പൊതുപ്രവർത്തനം പുതുമയല്ല.
19-ാം വാർഡിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട് പ്രസിഡന്റായ സി.പി.ഐ പ്രതിനിധി മഞ്ജു സുരേഷ് 12 വർഷമായി വാർഡിലെ ആശ പ്രവർത്തകയാണ്. വാർഡിലെ ഓരോ വീട്ടിലും സൈക്കിളിൽ എത്തി നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചത്.കാറ്റുതറവെളി സുരേഷിന്റെ ഭാര്യയാണ് മഞ്ജു. സി.പി.ഐ മഹിളാഅസോസിയേഷൻ ഭാരവാഹിയായി നടത്തിയ പ്രവർത്തന മികവാണ് മറ്റ് അംഗങ്ങളെ മറികടന്ന് പ്രസിഡന്റ് സ്ഥാനത്തിന് അർഹയാക്കിയത്.
പഞ്ചായത്തിൽ കഴിഞ്ഞ ഭരണ സമിതിയിലെ മത്സ്യ മേഖല കോ-ഓർഡിനേറ്റർ കൂടിയായിരുന്നു.മുൻ പ്രഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസ് പ്രതിനിധാനം ചെയ്ത വാർഡിൽ നിന്നാണ് മത്സരിച്ച് വിജയിച്ചത്. മഞ്ജുവിന് പ്രസിഡന്റ് പദവി ലഭിച്ചതോടെ 19-ാം വാർഡ് വീണ്ടും വി.ഐ.പി വാർഡായി മാറി.
കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട പരിപാടികളുടെ ഉദ്ഘാടനമാണ് ആദ്യം നിർവഹിച്ചത്.19-ാം വാർഡിലെ കിൻഡർ ആശുപത്രി പ്രസിഡന്റിനെ ആദരിച്ചതിനൊടൊപ്പം ഒരു വർഷം നീണ്ടു നിൽക്കുന്ന ആരോഗ്യ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു.പഞ്ചായത്തിലെ സമഗ്രമായ ആരോഗ്യ പദ്ധതികൾക്കാണ് ഉൗന്നൽ നൽകുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.