
നെല്ലിക്കകൾ എത്രയിനം ഉണ്ടെന്നു ചോദിച്ചാൽ പറയാൻ എത്ര തരം നെല്ലിക്കകൾ നിങ്ങൾക്കറിയാം? കുടുംബം പലതാണെങ്കിലും നാട്ടുമ്പുറത്ത് നെല്ലിക്ക എന്ന പേരു ചേർത്ത് വിളിക്കുന്ന ഒട്ടേറെ നെല്ലിക്കകളുണ്ട്. ഉന്തുവണ്ടി കച്ചവടക്കാരന്റെ ചില്ലുഭരണിക്കുള്ളിൽ ഉപ്പിലിട്ടുവച്ച നെല്ലിക്കയും ലൗലോലിക്കയുമല്ലാതെ വേറെയുമുണ്ട് ഈ കൂട്ടത്തിൽ. ഒപ്പം വീട്ടുമുറ്റത്തെ ഇന്തോനേഷ്യൻ പുളിയുടെ വിശേഷങ്ങളുമറിയാം.
ശീമനെല്ലിക്ക
സാധാരണ കാണപ്പെടുന്ന നെല്ലിക്കയേക്കാൾ പുളിരസം ഉള്ളതും നല്ല പച്ചനിറത്തിൽ കുലകളായി ഉണ്ടാകുന്നവയുമാണ് ശീമനെല്ലി അല്ലെങ്കിൽ പുളിനെല്ലി. നക്ഷത്രത്തിന്റെ രൂപസാദൃശ്യമുള്ളതിനാൽ നക്ഷത്രനെല്ലി എന്നും ശീമനെല്ലി, നെല്ലിക്കാപ്പുളി, നെല്ലിപ്പുളി, അരിനെല്ലി എന്നൊക്കെ ഇതറിയപ്പെടുന്നു. ഫിലാന്തസ് അസിഡസ് എന്നാണ് ശാസ്ത്രീയനാമം. മഡഗാസ്കറാണ് ഇതിന്റെ ജന്മദേശം. കേരളത്തിൽ നന്നായി വളരും. സീസണായാൽ ധാരാളം കായ്ക്കുന്ന ഒരു മരമാണ് ശീമനെല്ലി. പുളിഞ്ചിമരത്തിന്റെ ഇലകളോട് വളരെയേറെ സാമ്യമുണ്ട്. മരത്തിന്റെ തടിയോട് ചേർന്ന് കുലകളായാണ് ശീമനെല്ലിക്ക ഉണ്ടാകുന്നത്. നല്ല വെയിൽ കിട്ടുന്ന സ്ഥലത്താണെങ്കിൽ കായ്ഫലം കൂടുതലുണ്ടാകും. വെയിൽ കുറവാണെങ്കിൽ വെയിലുള്ളിടത്തേക്ക് മരം ചാഞ്ഞു പോകും. ഇളംമഞ്ഞ നിറത്തിലാണ് നെല്ലിക്ക ഉണ്ടാവുക. പുളിയാണ് രസമെങ്കിലും പാകമായിക്കഴിഞ്ഞാൽ പുളിരസത്തിന് അല്പം ശമനമുണ്ടാകും. ഉപ്പിലിടാനും അച്ചാർ ആയുമൊക്കെ ഉപയോഗിക്കാറുണ്ട്. സ്കൂൾ കുട്ടികൾക്ക് ഹരമാണ് ഈ നെല്ലിക്ക. ചിലയിടങ്ങളിൽ അരിനെല്ലി എന്നും പറയാറുണ്ട്. മിക്കവാറും എല്ലാത്തരം മണ്ണിലും പുളിനെല്ലിമരം വളരും. കളിമണ്ണിൽ കുമ്മായമോ, കമ്പോസ്റ്റോ മേൽമണ്ണുമായി കലർത്തിയും മണലിൽ ജൈവളങ്ങൾ ചേർത്തു പാകപ്പെടുത്തിയും തൈകൾ നടാം. വിത്തുമുളപ്പിച്ചും തണ്ടുകൾ മുറിച്ചുനട്ടും പതിവയ്ച്ചും പുളിനെല്ലിയുടെ പുതിയ തൈകൾ ഉണ്ടാക്കിയെടുക്കാം. പുതിയ തൈകൾ വേരോടുന്നതുവരെ ജലസേചനം നടത്തിയാൽ മതി. അതിനുശേഷം തൈകളുടെ ചുവട്ടിൽ പുതയിട്ട് ഈർപ്പം നിലനിർത്തിയാൽ മതി. ഇടയ്ക്കു വളം നൽകുന്നത് നല്ലതുപോലെ കായ്ഫലം നൽകുന്നതിനും വേഗത്തിൽ വളരുന്നതിനും സഹായകമാണ്. പ്രധാനമായും രണ്ടുവിളവെടുപ്പുകാലമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പുളിനെല്ലിക്കുള്ളത്. ഏപ്രിൽ-മേയ്, ആഗസ്റ്റ്- സെപ്തംബർ എന്നിവ.
കയ്പ്പുള്ള മുളക് നെല്ലിക്ക
നിറയെ ഇലകളോടുകൂടിയ ഒരു കുറ്റിച്ചെടിയാണ് മുളകു നെല്ലി. സീസണായിക്കഴിഞ്ഞാൽ നിറയെ കായ്ഫലമുണ്ടാകും. പാകമെത്താത്ത കായ്കൾ പച്ചനിറത്തിലാണ് ഉണ്ടാവുക. ഓറഞ്ച്, ചുവപ്പ് നിറത്തിലേക്കു മാറിയ ശേഷമാണ് നെല്ലിക്കകൾ ശരിക്കും പഴുക്കുന്നത്. നല്ല കടുത്ത ചുവപ്പു നിറത്തിലെത്തിയ നെല്ലിക്കകൾ കഴിക്കാം. അധികം പുളി ഉണ്ടാകില്ല. അല്ലാത്തവയ്ക്ക് ചെറിയ കയ്പോടുകൂടിയ പുളിയാണ് ഉണ്ടാവുക.

വിസ്മയ പേരുകളിൽ ലൗലോലിക്ക
പേരുകൾ കൊണ്ട് സമ്പുഷ്ടമാണ്, ലൗലോലിക്ക. ലൂബി എന്ന മരത്തിലുണ്ടാകുന്ന കായയെ ലൂബിക്ക എന്നും ചിലർ വിളിക്കുന്നു. എന്നാൽ ലൂബിക്ക, ലൂവിക്ക, ചീമ നെല്ലിക്ക, വൗഷാപ്പുളി, ചുവന്ന നെല്ലിക്ക, ഓലോലിക്ക, ലോലോലിക്ക റൂബിക്ക, ളൂബിക്ക, ഗ്ലോബക്ക, ഗ്ലൂബിക്ക, ഡബ്ലോലിക്ക, ഡബിളിക്ക, ഡ്യൂപ്ലിക്ക, റൂളി പുളിക്ക, റൂപ്ലിക്ക എന്നിങ്ങനെ ധാരാളം പേരുകളിലും ഈ കായ അറിയപ്പെടുന്നു. പഴവർഗത്തിൽ ഉൾപ്പെടുന്ന ലൂബിക്ക മൂപ്പെത്തുന്നതിന് മുമ്പ് പച്ച നിറവും പഴുക്കുമ്പോൾ ചുവന്ന നിറവുമാണ്. പുളി രസമാണിതിനെങ്കിലും നന്നായി പഴുത്ത ലൂബിക്കക്ക് അല്പം മധുരവും ഉണ്ടാകും. ലൂബിക്കയുടെ ഉൾഭാഗത്തായി വളരെ ചെറിയ കുരുക്കളും ഉണ്ടാകും. വിത്ത് വഴിയും കമ്പും നട്ടും പതി വെച്ചും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു. വിത്ത് വഴി നാലോ അഞ്ചോ വർഷം കഴിഞ്ഞാൽ ലൂബി കായ്ക്കുകയും നാല്പതോ അമ്പതോ വർഷം ആയുസും കണ്ടുവരുന്നു. ചെറിയ മരമെന്ന ഗണത്തിൽ ഉൾപ്പെടുന്ന ലൂബി ഒരു വീട്ടുമരമായിട്ടാണ് വളർത്തുന്നത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നതായി കാണുന്നില്ല. മൂപ്പെത്തിയ ലൂബിക്ക ഉപ്പും പച്ചമുളകും ചേർത്ത് ചതച്ച് വെളിച്ചെണ്ണ ഒഴിച്ച് ലൂബിക്ക ചമ്മന്തി ഉണ്ടാക്കാറുണ്ട്. ഉപ്പിലിട്ട ലൂബിക്കയും പച്ചമുളകും കൂട്ടിയരച്ച് ചമ്മന്തിയാക്കാനും പറ്റിയതാണ്. പുളിരസം കൂടുതലുള്ളതുകൊണ്ട് അച്ചാർ ഇടാനും നന്നായി പഴുത്ത പാകത്തിലുള്ളതുകൊണ്ട് ജാം ഉണ്ടാക്കാനും ഉപയോഗിക്കാം. മീൻ കറികളിൽ പുളിരസത്തിനവേണ്ടി ലൂബിക്ക ഉപയോഗിക്കുന്നതും കാണാറുണ്ട്.
സുന്ദരിയായ ആപ്പിൾ നെല്ലിക്ക
മുളകു നെല്ലിയോട് സമാനമായ ഒരു കുറ്റിച്ചെടിയാണ് ആപ്പിൾ നെല്ലിയും. നെല്ലിക്കയ്ക്ക് ആപ്പിളിന്റെ രൂപം വന്നതിനാലാകാം ആ പേര് ലഭിച്ചത്. കാഴ്ചയ്ക്ക് പ്ലമ്മിനോടും സാമ്യതകൾ ഏറെയാണ്. നല്ല ഭംഗിയായി വെട്ടി വളർത്തിയാൽ വീട്ടു മുറ്റത്ത് കണ്ണിനു വിരുന്നൊരുക്കും ഈ കുറ്റിച്ചെടി. നെല്ലിക്കയുടെ സീസണായിക്കഴിഞ്ഞാൽ ക്രിസ്മസിന് എൽ.ഇ.ഡി ബൾബുകൾ പ്രാകാശിപ്പിക്കുന്നതു പോലെ സുന്ദരിയാകും. പാകമെത്തിയ നെല്ലിക്കകൾ നല്ല ചുവന്ന നിറത്തിലാകും ഉണ്ടാവുക. പുളിയും മധുരവും കലർന്ന ഒരു രസമാണ് ആപ്പിൾ നെല്ലിക്കയ്ക്ക്.
പ്രതിരോധത്തിന് നെല്ലിക്ക
ഔഷധഗുണം ഏറെയുള്ളതാണ് നമ്മുടെ നെല്ലിക്ക. ഇതിൽ പ്രധാനമായും രണ്ടിനങ്ങളുണ്ട്. കാട്ടു നെല്ലിയും നാട്ടു നെല്ലിയും. പൊതുവെ വലിപ്പം കുറഞ്ഞയിനം നെല്ലിക്കകളാണ് കാട്ടു നെല്ലിക്കൾ. ഇവയ്ക്കാണ് ഔഷധഗുണം കൂടുതൽ. ആയുർവേദ മരുന്നുകൾ തയ്യാറാക്കുന്നതിന് കാട്ടുനെല്ലിക്കയാണ് ഉചിതം. മാംസളമായ നെല്ലിക്കകളാണ് നാട്ടുനെല്ലിക്കകൾ. ഇത് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തെടുക്കുന്നതാണ്. ഉപ്പിലിടാനും അച്ചാറിനും മാത്രമല്ല നെല്ലിക്ക ഉപയോഗിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന് നെല്ലിക്കയുടെ സാന്നിദ്ധ്യം ഒഴിച്ചു കൂടാനാവത്തതാണ്. വിറ്റാമിൻ സി, ആന്റി ഓക്സിഡന്റ്, ഫൈബർ, മിനറൽസ് കാൽസ്യം എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.

വീട്ടുമുറ്റത്തെ ഇന്തോനേഷ്യൻ
പുളിനാടൻ കറികൾ കൊണ്ട് തീൻമേശ നിറയ്ക്കാൻ ആവശ്യപ്പെട്ടാൽ കറിക്കൂട്ടങ്ങളിൽ മെയിന്റോൾ കിട്ടാൻ സാദ്ധ്യതയുള്ള നാടൻ പച്ചക്കറികളിലൊന്നാണ് ഇലുമ്പി അല്ലെങ്കിൽ പുളിഞ്ചിയ്ക്ക. അച്ചാറിൽ തുടങ്ങി ഒഴിച്ചുകറിയിലും മീൻകറിയിലുമൊക്കെ ഒരു കൈനോക്കാൻ പറ്റിയ നല്ല അഡാറ് സാധനം. പുളിക്ക് പകരം കറികളിലിടാനും അച്ചാറുണ്ടാക്കാനും ജ്യുസ്, സ്ക്വാഷ് എന്നിവയുണ്ടാക്കാനും ഇരുമ്പൻ പുളി ഉപയോഗിച്ച് വരുന്നു. ഇരുമ്പൻ പുളി, ഇലുമ്പി പുളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മരം നിറയെ കായ്കൾ പിടിക്കുന്ന ഇരുമ്പൻ പുളി കാലഭേദമില്ലാതെ കായ്ക്കുന്ന മരമാണ്. വിഷലിപ്തമായ പഴങ്ങളുടെയും പച്ചക്കറികളുടെയും പിറകെ പോകുന്ന മലയാളികളുടെ മനസ്ഥിതി കാരണം വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ് ഇരുമ്പൻ പുളി മരങ്ങൾ.
ആള് ഇന്തോനേഷ്യക്കാരനാ!ഔഷധമാണ് ഇലുമ്പി
ഇലുമ്പിയിൽ ഔഷധഗുണം ഉള്ളത് ഇലയിലും കായയിലുമാണ്. തൊലിപ്പുറത്തെ ചൊറിച്ചിൽ, നീർവീക്കം, തടിപ്പ്, വാതം, മുണ്ടിനീര്, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് എന്നിവയ്ക്ക് ഇലകൾ അരച്ച് കുഴമ്പ് രൂപത്തിലാക്കി തേക്കാം. ഇതിന്റെ കായ്കൾക്ക് പുളിരസമാണ് ഉള്ളത്. തുണികളിൽ പറ്റുന്ന തുരുമ്പ് പോലെയുള്ള കറകൾ മാറ്റുന്നതിന് ഇലുമ്പിപ്പുളിയുടെ നീര് ഉപയോഗിക്കുന്നു. കൂടാതെ പിത്തളപ്പാത്രങ്ങളിലെ ക്ലാവ് കളയുന്നതിനായും ഇലുമ്പിയുടെ നീര് ഉപയോഗിക്കുന്നു. മീൻ വെട്ടി കഴുകുമ്പോൾ ഇലുമ്പി പുളി മുറിച്ചിട്ടാൽ മീനിലെ ഉളുമ്പ് എളുപ്പം മാറിക്കിട്ടും.