
ന്യൂഡൽഹി: ഹാഥ്രസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ നിയമ വിരുദ്ധമായാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തതെന്നും യഥാർത്ഥ വസ്തുത കണ്ടെത്താൻ ജുഡിഷ്യൽ അന്വേഷണം വേണമെന്നും കേരള പത്ര പ്രവർത്തക യൂണിയൻ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. നിരപരാധിത്വം തെളിയിക്കാൻ നുണ പരിശോധന ഉൾപ്പെടെയുള്ള ഏത് ശാസ്ത്രീയ പരിശോധനയ്ക്കും തയാറാണെന്ന് സിദ്ദിഖ് അറിയിച്ചതായും അഭിഭാഷകൻ വിൽസ് മാത്യൂസ് മുഖേന നൽകിയ മറുപടി സത്യവാങ്മൂലത്തിൽ യൂണിയൻ വ്യക്തമാക്കി. ജാമ്യം ആവശ്യപ്പെട്ട് യൂണിയൻ നൽകിയ ഹർജി ഇന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
പോപ്പുലർ ഫ്രണ്ടുമായി സിദ്ദിഖ് കാപ്പന് ഒരു ബന്ധവുമില്ലെന്നും സിദ്ദിഖ് മുഴുവൻ സമയ മാദ്ധ്യമ പ്രവർത്തകനാണെന്നും യൂണിയൻ അറിയിച്ചു. ഇത് വ്യക്തമാക്കുന്ന രേഖകളും സമർപ്പിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ഒക്ടബോർ 5 മുതൽ ആറു വരെ സിദ്ദിഖിനെ മർദ്ദിക്കുകയം ഉറങ്ങാൻ പോലും അനുവദിക്കാതെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. പ്രമേഹ രോഗിയായ കാപ്പന് യഥാസമയം മരുന്ന് നൽകിയില്ല.
സിദ്ദിഖിന്റെ അമ്മാവനെ ഫോണിൽ ബന്ധപ്പെട്ടെന്ന് സ്ഥാപിക്കാൻ യു.പി പൊലീസ് കോടതിയിൽ നൽകിയ ഫോൺ നമ്പർ യു.പി സ്വദേശിയുടേതാണ്. ഒക്ടോബർ അഞ്ചിന് രാവിലെ 10. 20നാണ് സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റ് മെമ്മോയിൽ കാണിച്ച സമയം വൈകുന്നേരം 4.50നാണ്. കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത് ഉന്നതങ്ങളിൽ നിന്നുള്ള നിർദേശ പ്രകാരമാണെന്നും സംശയിക്കുന്നു. വസ്തുതകൾ കണ്ടെത്താൻ ജുഡിഷ്യൽ അന്വേഷണം വേണം. ഇതിനായി വിരമിച്ച സുപ്രീംകോടതി ജഡ്ജിനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.