
ന്യൂഡൽഹി: കർഷക സമരത്തിനിടെ പൊലീസ് കർഷരെ മർദ്ദിച്ചില്ലെന്ന് വിശദീകരിച്ച് ബി.ജെ.പി ഐടി സെൽ മേധാവി അമിത് മാളവ്യ ഇട്ട വീഡിയോ വ്യാജമെന്ന് കണ്ടെത്തി ട്വിറ്റർ. വൃദ്ധ കർഷകനു നേരെ പൊലീസുകാരൻ ലാത്തിവീശുന്ന സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ചിത്രം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ട്വീറ്റു ചെയ്‌തിരുന്നു. സംഭവം നിഷേധിച്ചുകൊണ്ട് അമിത് മാളവ്യ പോസ്റ്റു ചെയ്ത വീഡിയോ എഡിറ്റു ചെയ്‌തതാണെന്ന് ട്വിറ്റർ കണ്ടെത്തി. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ പോസ്റ്റിനെതിരെ സ്വീകരിച്ചതിന് സമാനമായ നടപടി ഇന്ത്യയിൽ ആദ്യമാണ്.
പ്രചാരവേലയും യാഥാർത്ഥ്യവും എന്ന അടിക്കുറിപ്പോടെയാണ് മാളവ്യ വീഡിയോ പോസ്റ്റുചെയ്‌തത്. രാഹുൽ ഗാന്ധി ഇന്ത്യ അടുത്തകാലത്ത് കണ്ട ഏറ്റവും അവിശ്വസിക്കപ്പെടുന്ന നേതാവാണെന്നും പൊലീസ് കർഷകനെ തൊട്ടില്ലെന്നും കമന്റുമിട്ടിരുന്നു. ഇതിനു പിന്നാലെ ദൃശ്യങ്ങൾ എഡിറ്റു ചെയ്ത് മാറ്റിയ വിവരം വെബ്സൈറ്റുകളും റിപ്പോർട്ടു ചെയ്‌തു. തുടർന്നാണ് ട്വിറ്റർ വീഡിയോ വ്യാജമെന്ന് സ്ഥിരീകരിച്ച് നീക്കം ചെയ്തത്. ലാത്തി തന്റെ ശരീരത്തിൽ കൊണ്ടുവെന്ന് സുഖ്ദേവ് സിംഗ് എന്ന കർഷകൻ സ്ഥിരീകരിച്ചിരുന്നു.