
ന്യൂഡൽഹി: ഹാഥ്രസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവേ അറസ്റ്റിലായ മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജി സുപ്രീംകോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി. ഹർജിയിൽ സിദ്ദിഖിന്റെ ഭാര്യയെ കക്ഷി ചേർക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് അനുമതി നൽകി. യൂണിയൻ നൽകിയ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഒരാഴ്ച സമയം യു.പി സർക്കാരിനും അനുവദിച്ചു.
ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു കൂടെയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ, റിപ്പബ്ലിക് ടി.വി എഡിറ്റർ അർണാബ് ഗോസാമിയുടെ കേസിൽ സുപ്രീംകോടതി അടിയന്തരമായി ഇടപെട്ടത് യൂണിയനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി.
സിദ്ദിഖിനെതിരായ എഫ്.ഐ.ആർ പൂർണമായും തെറ്റാണ്. ഗുരുതര നിയമ ലംഘനങ്ങളുണ്ടായി. കാപ്പന് ഒപ്പം അറസ്റ്റിലായ പ്രതികളുടെ ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുന്നത് അലഹബാദ് ഹൈക്കോടതി ഒരു മാസത്തേക്ക് മാറ്റിവച്ചുവെന്നും സിബൽ ചൂണ്ടിക്കാട്ടി.