masala-king

 എം.ഡി.എച്ച് ഉടമ 'മസാലാ രാജാവ്" ഗുലാത്തി അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്‌ത മസാല ബ്രാൻഡായ എം.ഡി.എച്ചിന്റെ ഉടമ 'മഹാശയ്" ധരംപാൽ ഗുലാത്തി (97) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഹൃദയാഘാതമുണ്ടാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

1923 മാർച്ച് 23ന് പാകിസ്ഥാനിലെ സിയാൽക്കോട്ടിൽ ജനിച്ച ഗുലാത്തി വിഭജനത്തെ തുടർന്ന് ഡൽഹിയിൽ എത്തിയ ശേഷം തുടങ്ങിയ മസാല ബിസിനസാണ് എം.ഡി.എച്ച് (മഹാശയാൻ ദി ഹട്ടി - മാന്യന്റെ കട) എന്ന ബ്രാൻഡായി വളർന്നത്. പാകിസ്ഥാനിൽ ഇദ്ദേഹത്തിന്റെ പിതാവ് നടത്തിയ 'ദെഗ്ഗി മിർച്ചി വാലെ" എന്ന മുളകുപൊടി കമ്പനിയും പ്രശസ്തമായിരുന്നു.

പിതാവ് നൽകിയ 1,500 രൂപയും മുളക് പൊടി ബിസിനസിൽ നിന്ന് ലഭിച്ച പരിചയവും ഉപയോഗപ്പെടുത്തി ഡൽഹി കരോൾ ബാഗിലെ അജ്മൽഖാൻ റോഡിൽ തുറന്ന മസാലക്കടയും ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്‌തമായി. പിന്നീട് ചാന്ദ്നിചൗക്കിലും കീർത്തി നഗറിലും ബ്രാഞ്ചുകൾ തുറന്നു.

1959ൽ കീർത്തി നഗറിലായിരുന്നു ആദ്യ ഫാക്‌ടറി. പിന്നീട് 150 തരം പായ്‌ക്കുകളിലായി 62 ഉത്പന്നങ്ങളുമായി എം.ഡി.എച്ച് വളർന്നു. അതോടെ ഗുലാത്തിക്ക് 'കിംഗ് ഒഫ് സ്‌പൈസസ്" എന്ന പേരും ലഭിച്ചു. ഇന്ന് ഇന്ത്യയിലും ദുബായിലുമായി 18ഓളം ഫാക്‌ടറികളുണ്ട്. അമേരിക്ക,​ കാനഡ,​ യൂറോപ്പ്,​ ഏഷ്യ തുടങ്ങി 100ഓളം രാജ്യങ്ങളിൽ എം.ഡി.എച്ച് ഉത്പന്നങ്ങൾ ലഭ്യമാണ്. ഉത്തരേന്ത്യയിൽ എം.ഡി.എച്ചിന്റെ വിപണി വിഹിതം 80 ശതമാനമെന്നാണ് കമ്പനി പറയുന്നത്. 2,​000 കോടി രൂപയാണ് വിറ്റുവരവ്.

പഞ്ചാബി തലപ്പാവും പേൾമാലയും ധരിച്ച് ഗുലാത്തി തന്നെ അഭിയനയിച്ച പരസ്യവും അദ്ദേഹം പറയുന്ന 'അസ്‌ലി മസാലെ സച്ച് സച്ച് എം.ഡി.എച്ച്" പരസ്യവാചകം വൻ ഹിറ്റായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ സി.ഇ.ഒയും എഫ്.എം.സി.ജി രംഗത്ത് ഏറ്റവുമധികം വേതനം പറ്റുന്ന വ്യക്തിയുമായിരുന്നു ധരംപാൽ. 25 കോടി രൂപയായിരുന്നു വാർഷിക വേതനം.

ബിസിനസിനൊപ്പം പൊതുരംഗത്തും സജീവമായ ഗുലാത്തി പാവപ്പെട്ടവർക്കായി ആശുപത്രികളും 20ൽ അധികം സ്‌കൂളുകളും സ്ഥാപിച്ചു. ഇതെല്ലാം പരിഗണിച്ച് രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചിരുന്നു. 'ദാദാജി" എന്നും അദ്ദേഹത്തെ സ്‌നേഹത്തോടെ ഏവരും വിളിച്ചിരുന്നു. അസുഖബാധിതനാകും വരെ എല്ലാദിവസവും ഫാക്‌ടറി സന്ദർശനം ഉൾപ്പെടെ അദ്ദേഹം സജീവമായി ബിസിനസിൽ ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ ആറ് പെൺമക്കളും ഒരു മകനുമാണ് ബിസിനസിൽ ഒപ്പമുള്ളത്.

ഗുലാത്തിയുടെ നിര്യാണത്തിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവർ അനുശോചിച്ചു.