mask

ന്യൂഡൽഹി: ഗുജറാത്തിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാസ്‌ക് ധരിക്കാത്തവരെ അറസ്റ്റ് ചെയ്ത് കൊവിഡ് കെയർ സെന്ററുകളിൽ നിർബന്ധിത സേവനം ചെയ്യിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയുടെ ഉത്തരവ് ഉചിതമല്ലെന്നും ശിക്ഷിക്കപ്പെടുന്നവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ അടക്കമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക കേന്ദ്രസർക്കാരിന്റെ കൊവിഡ് മാർഗനിർദ്ദേശങ്ങൾ ശക്തമായി പാലിക്കുക എന്നീ കാര്യങ്ങൾ ഉറപ്പു വരുത്തണമെന്ന് സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു.

ബുധനാഴ്ചയാണ് മാസ്‌ക് ധരിക്കാത്തവർക്ക് ശിക്ഷയായി അഞ്ച് മുതൽ 15 ദിവസം വരെ കൊവിഡ് കെയർ സെന്ററുകളിൽ സേവനം ചെയ്യണമെന്നും പിഴയായി 1000 രൂപ ഈടാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.

ചീഫ് ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് ജെ.ബി.പാർദിവാല എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദിവസേന 4 മുതൽ 6 മണിക്കൂർ വരെ സേവനം ചെയ്യാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. വൃത്തിയാക്കൽ,വീട്ടുജോലി, പാചകം ചെയ്യാനും ഭക്ഷണം വിളമ്പാനും സഹായിക്കുക, ഡാറ്റ തയ്യാറാക്കൽ തുടങ്ങിയ സേവനങ്ങളാണ് ചെയ്യേണ്ടത്.