best-police-station

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ പൊലീസ് സ്റ്റേഷനുകൾക്ക് ഏർപ്പെടുത്തിയ റാങ്കിംഗ് പട്ടികയിൽ മണിപ്പൂർ തൗബാർ ജില്ലയിലെ നോങ്പോക് സെക്‌മായ് സ്റ്റേഷൻ ഒന്നാമതെത്തി. തമിഴ്‌നാ‌ട് സേലത്തെ സുരമംഗലം എ.ഡബ്‌ള്യൂ.പി.എസ്, അരുണാചൽ പ്രദേശിലെ ചാംഗ്‌ലാംഗിലുള്ള ഖർസാംഗ് സ്റ്റേഷൻ എന്നിവ രണ്ടും മൂന്നും റാങ്കുകൾ നേടി. ആദ്യ പത്ത് പൊലീസ് സ്റ്റേഷനുകളുടെ റാങ്ക് പട്ടികയിൽ കേരളത്തിലെ സ്റ്റേഷനുകളില്ല.

പത്ത് മികച്ച സ്റ്റേഷനുകൾ:

1. നോങ്പോക് സെക്‌മായ് (തൗബാൽ മണിപ്പൂർ)
2. സുരമംഗലം എ.ഡബ്‌ള്യൂ.പി.എസ് (സേലം)

3. ഖർസാംഗ് (ചാംഗ്‌ലാംഗ്, അരുണാചൽ പ്രദേശ് )

4. ജിൽമിലി (സുർജാപൂർ, ഛത്തീസ്ഗഡ്)

5. സങ്കുവേം (ദക്ഷിണ ഗോവ)

6. കാളിഘട്ട് (ആൻഡമാൻ)

7. പാക്‌യോംഗ് (സിക്കിം)

8. കാന്ത് (മൊറാദാബാദ്, യു.പി)

9. ഖാൻവേൽ (ദാദ്ര നഗർ ഹവേലി)

10. ജമ്മികുണ്ഡ ടൗൺ (കരീംനഗർ തെലങ്കാന)

റാങ്കിംഗ് നടപടിക്രമം

സ്വത്ത് തർക്കം, സ്‌ത്രീകൾക്കും ദുർബലവിഭാഗങ്ങൾക്കുമെതിരായ കുറ്റകൃത്യങ്ങൾ, കാണാതായവവരുടെ വിവരങ്ങൾ, അജ്ഞാതജഡങ്ങൾ തുടങ്ങിയ കേസുകൾ കൈകാര്യം ചെയ്‌ത രീതി അടിസ്ഥാനമാക്കി ആദ്യഘട്ടത്തിൽ രാജ്യത്തെ 16,671 സ്റ്റേഷനുകളുടെ പ്രവർത്തനം വിലയിരുത്തി. 750ൽ അധികം സ്റ്റേഷനുകളുള്ള സംസ്ഥാനങ്ങളിൽ നിന്ന് മൂന്നുവീതവും ഡൽഹി അടക്കം മറ്റിടങ്ങളിൽ നിന്ന് രണ്ടുവീതവും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്ന് ഒരോ സ്റ്റേഷനുമാണ് പരിഗണിച്ചത്.

അവസാനഘട്ടത്തിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്‌ത 73 സ്റ്റേഷനുകളെ സേവനങ്ങളുടെ നിലവാരം, പൊലീസിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള വഴികൾ എന്നിവയ്‌ക്ക് 80ശതമാനം വെയിറ്റേജ് മാർക്ക് നൽകി. അടിസ്ഥാനസൗകര്യങ്ങൾ, സമീപവാസികൾ, റസിഡൻഷ്യൽ പ്രദേശങ്ങൾ, മാർക്കറ്റുകൾ, സ്റ്റേഷനിൽ വന്നുപോകുന്നവർ തുടങ്ങിവർക്കുള്ള സ്വീകാര്യതയ്‌ക്ക് 20 മാർക്കും നൽകി. 4056 ആളുകൾ വിവിധ സ്റ്റേഷനുകളെ സംബന്ധിച്ച ഫീഡ്ബാക്ക് നൽകി.

2015ൽ ഗുജറാത്തിലെ കച്ചിൽ നടന്ന ഡി.ജി.പിമാരുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചതു പ്രകാരമാണ് രാജ്യത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് റാങ്കിംഗ് തുടങ്ങിയത്.