badel

ന്യൂഡൽഹി: കർഷകരെ കേന്ദ്രസർക്കാർ വഞ്ചിച്ചെന്നാരോപിച്ച് പഞ്ചാബ് മുൻമുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിംഗ് ബാദൽ പത്മവിഭൂഷണും ശിരോമണി അകാലി ദൾ (ഡെമോക്രാറ്റിക്) അദ്ധ്യക്ഷനും രാജ്യസഭാ എം.പിയുമായ സുഖ് ദേവ് സിംഗ് ധിന്ദ്സ പത്മഭൂഷൺ പുരസ്‌കാരവും തിരിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചു. 2015ലാണ് ബാദലിന് പത്‌മവിഭൂഷൺ ലഭിച്ചത്. ധിന്ദ്‌സയ്ക്ക് പത്മഭൂഷൺ 2019ലാണ് ലഭിച്ചത്.

കേന്ദ്രസർക്കാരിന് ശക്തമായ സന്ദേശം നൽകാനാണ് പുരസ്‌കാരം തിരിച്ചു നൽകിയതെന്നും കർഷകർക്ക് വേണ്ടാത്ത നിയമം അടിച്ചേൽപ്പിക്കരുതെന്നും ബാദൽ പറഞ്ഞു. തന്നെ താനാക്കിയത് കർഷകരുൾപ്പെടുന്ന ജനതയാണെന്നും അവ‌ർ അവഗണിക്കപ്പെടുമ്പോൾ പുരസ്കാരത്തിന് മൂല്യം ഇല്ലാതാകുകയാണെന്നും ധിന്ദ്‌സയും പ്രതികരിച്ചു.

അഞ്ചുതവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബാദലിന് ബി.ജെ.പിയുമായി അടുത്ത ബന്ധമായിരുന്നു. പുതിയ കർഷകനിയമത്തിൽ പ്രതിഷേധിച്ചാണ് അകാലിദൾ എൻ.ഡി.എ വിട്ടത്. ധിന്ദ്‌സ 2000 മുതൽ 2004 വരെ വാജ്‌പേയി സർക്കാരിൽ കായിക രാസവളം മന്ത്രിയായിരുന്നു.

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്

ഡിസംബർ ഏഴിന് മുപ്പതോളം കായിക താരങ്ങൾ മെഡലുകൾ തിരിച്ചു നൽകി പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.