
ന്യൂഡൽഹി:ശാസ്‌ത്രജ്ഞർ അനുമതി നൽകിയാലുടൻ രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ തുടങ്ങുമെന്നും അതിനായി ആഴ്ചകൾക്കുള്ളിൽ വാക്സിൻ വിതരണം സാദ്ധ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സർവകക്ഷി യോഗത്തെ അറിയിച്ചു. വാക്‌സിന്റെ വിലയും വിതരണ സംവിധാനങ്ങളും സംബന്ധിച്ച് സംസ്ഥാനങ്ങളുമായുള്ള ചർച്ച തുടരുകയാണ്.
വിജയകരമായ വാക്‌സിൻ ഉടൻ പുറത്തിറക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഗവേഷകർ. അവരുടെ അനുമതി ലഭിച്ചാലുടൻ വാക്‌സിനേഷൻ ആരംഭിക്കാം. വിദേശത്ത് വികസിപ്പിക്കുന്ന എട്ട് വാക്‌സിനുകളും മൂന്ന് ഇന്ത്യൻ വാക്‌സിനുകളും പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇവയുടെ നിർമ്മാണവും ഇന്ത്യയിൽ നടക്കും.
ആരോഗ്യപ്രവർത്തകർ, കൊവിഡ് പ്രതിരോധ പ്രവർത്തകർ, മറ്റ് രോഗങ്ങളുള്ള വൃദ്ധജനങ്ങൾ എന്നിവർക്കാവും ആദ്യം വാക്‌സിൻ കുത്തിവയ്‌ക്കുക. വാക്സിനേഷൻ ഏകോപനത്തിന് ശാസ്‌ത്രജ്ഞരും കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥരും അടങ്ങുന്ന വിദഗ്ദ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. സാർവത്രിക വാക്സിനേഷൻ ദൗത്യത്തിന്റെ വിപുലമായ അനുഭവ സമ്പത്തും കുത്തിവയ്പ് നടത്താൻ ലോകത്തെ ഏറ്റവും കാര്യക്ഷമമായ ശൃംഖലയും നമുക്കുണ്ട്. ഇത് കൊവിഡ് വാക്സിനേഷന് മുതൽക്കൂട്ടാവും. വാക്സിൻ സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാനങ്ങളുമായി ചേർന്ന് ശക്തമാക്കും. വാക്‌സിന്റെ സ്‌റ്റോക്കും മറ്റ് തത്സമയ വിവരങ്ങളും അറിയാൻ 'കൊവിൻ' എന്ന ആപ്പ് വികസിപ്പിച്ചിട്ടുണ്ട്.
സുരക്ഷിതമായ വാക്‌സിൻ കുറഞ്ഞ വിലയ്ക്ക് നൽകാൻ ഇന്ത്യയ്ക്കാവും. അതിനാൽ ലോകരാജ്യങ്ങൾ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന വെർച്വൽ യോഗത്തിൽ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, എൻ.സി.പി നേതാവ് ശരദ് പവാർ, തൃണമൂൽ കോൺഗ്രസിന്റെ സുദീപ് ബന്ധോപാദ്ധ്യായ തുടങ്ങി പ്രമുഖ പാർട്ടികളുടെ പന്ത്രണ്ട് നേതാക്കളാണ് പങ്കെടുത്തത്. ടി.ആർ.എസ്, ശിവസേന, ഡി.എം.കെ പ്രതിനിധികളും പങ്കെടുത്തു. രണ്ടാം തവണയാണ് കൊവിഡ് ചർച്ചയ്‌ക്ക് പ്രധാനമന്ത്രി സർവകക്ഷിയോഗം വിളിക്കുന്നത്.
കുത്തിവയ്പ് ഒരു കോടി ആരോഗ്യപ്രവർത്തകർക്ക്
സർക്കാർ, സ്വകാര്യ മേഖലയിലെ ഒരു കോടി ആരോഗ്യ പ്രവർത്തകർക്കായിരിക്കും വാക്‌സിൻ ആദ്യം കുത്തിവയ്‌ക്കുക. തുടർന്ന് കൊവിഡ് മുൻനിരപ്പോരാളികളായ പൊലീസ്, സായുധസേന, മുനിസിപ്പൽ ജോലിക്കാർ തുടങ്ങിയവർക്കും നൽകും. ഇത്തരത്തിലുള്ള രണ്ട് കോടി പേർക്കാവും രണ്ടാം ഘട്ടത്തിലെ കുത്തിവയ്‌പ്.