heli

ന്യൂഡൽഹി: സേനയുടെ യാത്രാവിമാനമായ സി-130ജെ ഹെർക്കുലീസിന്റെ സ്പെയർപാർട്സുകൾ അടക്കം ഇന്ത്യയ്‌ക്കുള്ള 9 കോടി ഡോളറിന്റെ( 663കോടി രൂപ) സൈനിക സാമഗ്രികൾക്കുള്ള ഇടപാടിന് യു.എസ് പ്രതിരോധ വകുപ്പ് അനുമതി നൽകി.

വിമാനങ്ങളുടെ സ്പെയർപാർട്സുകൾ, മിസൈലുകളിലും വിമാനങ്ങളിലും ഉപയോഗിക്കുന്ന കാട്രിഡ്ജ് ആക്ചുവേറ്റഡ്/പ്രൊപ്പല്ലന്റ് ആക്‌ചുവേറ്റഡ് ഉപകരണങ്ങൾ, തീകെടുത്താനുള്ള ഉപകരണങ്ങൾ, ഫ്ളെയർ തിരകൾ, റഡാർ റിസീവറുകൾ, രാത്രി ഉപയോഗത്തിനുള്ള ബൈനോക്കുലറുകൾ/കണ്ണടകൾ, ജി.പി.എസ് ഉപകരണങ്ങൾ, ഇലക്ട്രോണിക് യുദ്ധമുറയ്‌ക്കുള്ള സാമഗ്രികൾ, ലാബുകൾക്കുള്ള ഉപകരണങ്ങൾ തുടങ്ങിയ സാധനങ്ങൾക്ക് ഇന്ത്യ ഓർഡർ നൽകിയിരുന്നു. പ്രമുഖ ആയുധ നിർമ്മാണ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനിൽ നിന്നാണ് ഇവ വാങ്ങുന്നത്.

ഇടപാട് പ്രതിരോധ പങ്കാളി എന്ന നിലയിലുള്ള ബന്ധം ഉൗട്ടിയുറപ്പിക്കാൻ ഉപകരിക്കുമെന്ന് യു.എസ് പ്രതിരോധ വകുപ്പിന് കീഴിലുള്ള ഡിഫൻസ് സെക്യൂരിറ്റി കോർപറേഷൻ ഏജൻസി വ്യക്തമാക്കി. ഇന്തോ-പസഫിക് മേഖലയിലെ രാഷ്‌‌ട്രീയ, സമാധാന, സാമ്പത്തിക പുരോഗതിക്ക് ഇന്ത്യയുടെ പങ്ക് നിർണായകമാണെന്നും ഏജൻസി വിലയിരുത്തി.

 ഇന്ത്യയ്‌ക്കുള്ള എം-60ആർ ഹെലികോപ്‌ടറുകൾ തയ്യാർ

ഇന്ത്യൻ നാവികസേനയ്‌ക്കായി നിർമ്മിക്കുന്ന വിവിധോദ്ദേശ എം-60 റോമിയോ ഹെലികോപ്ടറിന്റെ ചിത്രം യു.എസ് ആയുധക്കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ പുറത്തുവിട്ടു. ഇന്ത്യൻ നാവിക സേനയുടെ മുദ്രപതിപ്പിച്ച ഹെലികോപ്‌ടറിന്റെ ചിത്രമാണിത്. 260 കോടി ഡോളറിന് 24 എം-60 ആർ ഹെലികോപ്‌ടറുകളാണ് ഇന്ത്യ വാങ്ങുന്നത്. എം-60 എത്തുന്നതോടെ നാവികസേനയുടെ പഴയ ബ്രിട്ടീഷ് സീ കിംഗ് ഹെലികോപ്‌ടറുകൾ വഴിമാറും.

എം-60 ആർ

സമുദ്ര നിരീക്ഷണത്തിനും ആക്രമണത്തിനും കടലിലെ രക്ഷാപ്രവർത്തനത്തിനും ലോകത്ത് ഏറ്റവും മികച്ചത്

 യുദ്ധക്കപ്പലുകളിലും വിമാനവാഹിനികളിലും

മുങ്ങിക്കപ്പലുകളെ കണ്ടെത്തി ആക്രമിക്കാനും കരയിൽ നിന്നുള്ള ശത്രുക്കളെ എതിരിടാനും നാവികസേനയ്‌ക്ക് സഹായം.

അധിക ഭാരം കയറ്റാനുള്ള ശേഷി, രക്ഷാപ്രവർത്തനങ്ങളിൽ നിർണായകം

 ഏതുകാലാവസ്ഥയിലും ഉപയോഗിക്കാം