
ന്യൂഡൽഹി: വരും ദിവസങ്ങളിൽ കൂടുതൽ കർഷകർ ഡൽഹിയിലേക്ക് മാർച്ചു ചെയ്യുന്നത് കണക്കുകൂട്ടി പൊലീസ് ഇടറോഡുകൾ അടക്കം അടച്ചതോടെ അതിർത്തിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നും ഡൽഹിയിലേക്ക് വരുന്ന സിംഘു, തിക്രി, ഗാസിപ്പൂർ, നോയിഡ തുടങ്ങിയ പ്രധാന ഹൈവേകളാണ് നേരത്തെ അടച്ചിരുന്നത്. എങ്കിലും മറ്റ് ചെറിയ റോഡുകളിലൂടെ വാഹന ഗതാഗതം അനുവദിച്ചിരുന്നു.
ഇന്നലെ വൈകിട്ടോടെ ദേശീയ പാതാ 44ലെ ഔചാന്ദി, ലാംപൂർ, പിയാവോ, മാനിയാരി, മംഗേഷ് അതിർത്തി റോഡുകളും അടച്ചു. ഇതുവഴി വരുന്ന വാഹനങ്ങൾ ദേശീയ പാത എട്ടിലെ ഭോപ്പാര, അപ്സര, പെരിഫറൽ എക്‌സ്‌പ്രസ്‌വേയിലൂടെ തിരിച്ചുവിടുകയാണ്.
ഝാതിക അതിർത്തിയിലൂടെ ഇരുചക്ര വാഹനങ്ങൾ മാത്രമെ കടത്തിവിടുന്നുള്ളൂ. ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്ക് വരാൻ ദേശീയ പാത എട്ടിലെ ദൻസ, ദൗരാള, കപസേര, രജോക്രി, പാലം വിഹാർ, ദുണ്ടഹേര അതിർത്തികൾ മാത്രമാണ് ആശ്രയം. ആഴ്ച അവസാന ദിവസമായ ഇന്നലെ ഈ റോഡുകളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഉത്തർപ്രദേശിൽ നിന്നുള്ളവർ ആശ്രയിച്ചിരുന്ന ഗൗതം ബുദ്ധ ദ്വാർ വഴിയുള്ള നോയിഡ് ലിങ്ക് റോഡും അടച്ചു. അതുവഴി വരുന്ന യാത്രക്കാരെ ഡി.എൻ.ഡി ഫ്ളൈ ഓവർ വഴി തിരിച്ചുവിടുകയാണ്. ഇവിടെയും വാഹനങ്ങൾ മണിക്കൂറുകൾ റോഡിൽ കുടുങ്ങി.