
നിർമ്മാണം ലഡാക്ക് സംഘർഷത്തിന്റെ മറവിൽ
ന്യൂഡൽഹി: ലഡാക്ക് സംഘർഷം തുടരവേ, അരുണാചൽപ്രദേശ് അതിർത്തിയോടു ചേർന്ന് ചൈന മൂന്ന് ഗ്രാമങ്ങൾ നിർമ്മിച്ചതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ അമേരിക്കൻ ഭൗമനിരീക്ഷണ ഏജൻസിയായ പ്ലാനറ്റ് ലാബ്സ് പുറത്തുവിട്ടു.
പശ്ചിമ അരുണാചലിനു സമീപം, ഇന്ത്യ- ചൈന- ഭൂട്ടാൻ മുക്കവലയ്‌ക്ക് അടുത്തുള്ള ബും ലാ ചുരത്തിൽ നിന്ന് അഞ്ചു കിലോമീറ്ററോളം അകലെ ചൈനയുടെ പ്രദേശത്താണ് ഗ്രാമങ്ങൾ.
ഭൂട്ടാന്റെ പ്രദേശത്ത് ചൈന നിർമ്മിച്ച ഗ്രാമത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ രണ്ടാഴ്‌ച മുമ്പ് പ്ലാനറ്റ് ലാബ്‌സ് പുറത്തുവിട്ടിരുന്നു. 2017ൽ ഇന്ത്യ- ചൈന സേനകൾ രണ്ടു മാസത്തിലേറെ മുഖാമുഖം നിന്ന ദോക്‌ലാമിൽ നിന്ന് ഏഴ് കിലോമീറ്റർ മാത്രം അകലെയാണിത്. ടിബറ്റ് പിടിച്ചടക്കിയ ചൈന ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിച്ച് വടക്കൻ മേഖലയിൽ ഉടനീളം നടത്തുന്ന അതിർത്തി വികസന ശ്രമത്തിന്റെ ഭാഗമാണ് ഗ്രാമങ്ങളുടെ നിർമ്മാണങ്ങൾ.
ലഡാക്കിന്റെ മറവിൽ ചൈനയുടെ പണി
അരുണാചൽ മേഖലയിൽ ഫെബ്രുവരിയിൽത്തന്നെ ചൈന ഗ്രാമങ്ങളുടെ നിർമ്മാണം തുടങ്ങിയിരുന്നു. മേയ്- ജൂണിൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമാക്കി രാജ്യത്തിന്റെ ശ്രദ്ധ അവിടേക്കു തിരിച്ച് ആ മറവിൽ ചൈന കൗശലപൂർവം നിർമ്മാണങ്ങൾ തുടരുകയായിരുന്നു. ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ അതിർത്തിയിൽ ഗ്രാമങ്ങൾ സ്ഥാപിച്ച് ഹാൻ ചൈനീസ് ഗോത്രക്കാരെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ടിബറ്റൻ അംഗങ്ങളെയും അവിടെ താമസിപ്പിക്കുകയാണ് തന്ത്രം. ദക്ഷിണ ചൈനാ കടലിൽ ചൈനീസ് മത്സ്യത്തൊഴിലാളികളെ ഇറക്കി ആധിപത്യമുറപ്പിക്കുന്നതു പോലെ ഇന്ത്യൻ അതിർത്തിയിൽ കാലിമേയ്‌ക്കുന്നവർ ഉൾപ്പെടെയുള്ള സിവിലിയന്മാരെ ഇറക്കുകയാണ്.
ഉപഗ്രഹ ദൃശ്യങ്ങൾ
ഫെബ്രുവരി 17
ചൈന നിർമ്മിച്ച ആദ്യ ഗ്രാമം കാണാം. ഇവിടെ തടികൊണ്ടു നിർമ്മിച്ച ഇരുപത് ചെറിയ കെട്ടിടങ്ങൾ. ചുവപ്പ് നിറത്തിൽ മേൽക്കൂര കാണാം.
നവംബർ 28
മൂന്ന് ഗ്രാമങ്ങളുടെ ചിത്രം. മൊത്തം 50 ലധികം കെട്ടിടങ്ങൾ. തടി കൊണ്ടാണ് എല്ലാ നിർമ്മാണവും.
ഓരോ ഗ്രാമവും ഒരു കിലോമീറ്റർ അകലത്തിലാണ്. ഗ്രാമങ്ങളെ ബന്ധിപ്പിച്ച് ഏത് കാലാവസ്ഥയിലും ഉപയോഗിക്കാനാവുന്ന ടാറിട്ട റോഡും നിർമ്മിച്ചിട്ടുണ്ട്.
അരുണാചൽ തർക്കം
അരുണാചലിന്റെ മൊത്തം വിസ്തൃതി 84,000 ചതുരശ്ര കിലോമീറ്ററാണ്. അതിൽ 65,000 ചതുരശ്ര കിലോമീറ്റർ തങ്ങളുടെ പ്രദേശമായാണ് (തെക്കൻ ടിബറ്റിന്റെ ഭാഗം) ചൈനീസ് ഭൂപടത്തിൽ ചേർത്തിരിക്കുന്നത്. ഇന്ത്യ ചൈനയുടെ അവകാശവാദം നിഷേധിക്കുന്നു. 1914ലെ സിംല കൺവെൻഷൻ അംഗീകരിച്ച മക് മഹോൻ രേഖയാണ് ചൈനയുമായുള്ള അതിർത്തിയായി ഇന്ത്യ അംഗീകരിച്ചിരിക്കുന്നത്.
1962ലെ യുദ്ധത്തിൽ അരുണാചലിന്റെ ഭൂരിപക്ഷം പ്രദേശവും ചൈന താത്‌കാലികമായി പിടിച്ചടക്കിയിരുന്നു. യുദ്ധത്തിൽ വിജയം പ്രഖ്യാപിച്ച ചൈന സ്വയം മക്മഹോൻ രേഖയിലേക്ക് പിന്മാറുകയായിരുന്നു.
സലാമി സ്ലൈസിംഗ് (Salami slicing)
അരുതാത്ത ഒരു കാര്യം വളരെ സാവധാനം രഹസ്യമായി കുറേശെ നടപ്പാക്കുന്ന തന്ത്രമാണ് സലാമി സ്ലൈസിംഗ്. പല തന്ത്രങ്ങളിലൂടെ അതിർത്തി കുറേശേ കരണ്ട് അകത്തേക്കു കയറുന്ന ചൈന നടപ്പാക്കുന്നത് ഇതാണ്.