
ന്യൂഡൽഹി: കൊവിഡ് വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ആഗോള മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ അനുമതി തേടി. ഫൈസർ വികസിപ്പിച്ച വാക്സിൻ ഇറക്കുമതി ചെയ്യാനും വിപണിയിലെത്തിക്കാനും ഫൈസർ ഇന്ത്യയാണ് ഡ്രഗ്‌സ് കൺട്രോളർ ജനറലിനെ സമീപിച്ചത്. ഡിസംബർ നാലിനാണ് അപേക്ഷ നൽകിയത്. രാജ്യത്ത് ആദ്യമായാണ് കൊവിഡ് വാക്സിൻ അടിയന്തര ഉപയോഗത്തിന് ഒരു കമ്പനി അനുമതി തേടുന്നത്.ഫൈസർ വാക്സിന് 95 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് അവകാശവാദം. ഡിസംബർ രണ്ടിന് ബ്രിട്ടനും പിന്നാലെ ബഹറൈനും ഫൈസർ വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.ഫൈസർ വാക്സിൻ ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം നടത്തുന്നില്ല. ഫൈസറിന് അനുമതി നൽകിയാലും വാക്സിൻ മൈനസ് 70 ഡിഗ്രിയിൽ സൂക്ഷിക്കേണമെന്നത് ഇന്ത്യയിൽ വെല്ലുവിളിയാണ്. ഉയർന്നവിലയും ഇറക്കുമതി ചെലവും മറ്റൊരു പ്രതിസന്ധിയാണ്.നിലവിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഓക്സഫോഡ് വാക്സിനും തദ്ദേശീയമായി ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിനും അന്തിമ ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലാണ്. അടിയന്തര അനുമതിക്കായി ഉടൻ അപേക്ഷ നൽകുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.കൊവിഡ് വാക്‌സിൻ ആഴ്ചകൾക്കുള്ളിൽ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.