farmers-strike

ന്യൂഡൽഹി: പുതിയ കർഷക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാളെ കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്തിന് പൂ‌ർണ പിന്തുണയുമായി കൂടുതൽ പ്രതിപക്ഷ പാർട്ടികൾ.
കോൺഗ്രസ്, എൻ.സി.പി, ആർ.ജെ.ഡി, സമാജ് വാദി പാർട്ടി, ഡി.എം.കെ , ആംആദ്മി, ടി.ആർ.എസ് തുടങ്ങിയ പാർട്ടികളും ജമ്മുകാശ്‌മീരിലെ ഗുപ്‌കാർ സഖ്യവും പിന്തുണ പ്രഖ്യാപിച്ചു. ആർ.എസ്.എസ് സംഘടനയായ ഭാരതീയ കിസാൻ സംഘ് ഭാരത് ബന്ദിൽ പങ്കെടുക്കില്ല. എന്നാൽ എൻ.ഡി.എ സഖ്യകക്ഷിയായ ആർ.എൽ.പി ഭാരത്ബന്തിന് പിന്തുണ പ്രഖ്യാപിച്ചു. കർഷക നിയമങ്ങൾ പിന്തുണയ്ക്കണമന്ന് ആർ.എൽ.പി നേതാവ് ഹനുമാൻ ബേനിവാൾ പറഞ്ഞു. കർഷക നിയമത്തിന്റെ പേരിൽ എൻ.ഡി.എ വിട്ട ശിരോമണി അകാലിദളും പിന്തുണ പ്രഖ്യാപിച്ചു.

സി.പി.എം, സി.പി.ഐ, സി.പി.ഐ (എം.എൽ), ആർ.എസ്.പി, ഫോർവേർഡ് ബ്ലോക്ക് എന്നീ ഇടത് പാർട്ടികളും സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, സേവ, എ.ഐ.സി.സി.ടി.യു, എൽ.പി.എഫ്, യു.ടി.യു.സി എന്നീ ട്രേഡ് യൂണിയനുകളും കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ജനാധിപത്യവിരുദ്ധമായാണ് പുതിയ കാർഷിക നിയമങ്ങൾ പാർലമെന്റിൽ പാസാക്കിയതെന്ന് സോണിയാഗാന്ധി, ശരദ് പവാർ, ഫറൂഖ് അബ്ദുള്ള, സീതാറാം യെച്ചൂരി, ഡി. രാജ, തേജസ്വി യാദവ്, എം.കെ. സ്റ്റാലിൻ തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഭാരത് ബന്തിന് പൂർണ പിന്തുണ നൽകുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. എല്ലാവരും കർഷകരെ പിന്തുണയ്ക്കണമെന്നും ബന്തിൽ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കർഷകരുടെ ക്ഷമ പ്രധാനമന്ത്രി പരീക്ഷിക്കരുതെന്നും എത്രയും വേഗം നിയമങ്ങൾ പിൻവലിക്കണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല വ്യക്തമാക്കി. തമിഴ്‌നാട്ടിൽ ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടന്നു.ർ.
നടൻ കമലഹാസന്റെ മക്കൾ നീതി മയ്യവും കർഷകർ ഐക്യദാർഢ്യമറിയിച്ചു. മക്കൾ നീതി മയ്യത്തിന്റെ പത്ത് അംഗസംഘം കർഷകർക്ക് പിന്തുണയറിയിച്ച് ഡൽഹിയിലേക്ക് പുറപ്പെട്ടു.
കർഷക ബന്തിനെ പൂർണമായും പിന്തുണക്കുമെന്ന് ടി.ആർ.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖരറാവും പറഞ്ഞു.
കർഷർക്ക് ധാർമ്മിക പിന്തുണയറിയിച്ച് മൂന്നു ദിവസം ബംഗാളിൽ ധർണകൾ സംഘടിപ്പിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.

പിന്തുണച്ച് ട്രാൻസ്‌പോർട്ട് യൂണിയനുകളും

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത നാളത്തെ ഭാരത് ബന്ദിന് ഇന്ത്യൻ ടൂറിസ്റ്റ് ട്രാൻസ്‌പോർട്ടേഴ്‌സ് അസോസിയേഷനും(ഐ.ടി.ടി.എ) ഡൽഹി ഗുഡ്‌സ് ട്രാൻസ്‌പോർട്ട് അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചു. ആകെ 51 യൂണിയനുകൾ കർഷകരെ പിന്തുണയ്ക്കാനായി തീരുമാനിച്ചതായി ഐ.ടി.ടി.എ പ്രസിഡന്റ് സതീഷ് ഷെരാവത് പറഞ്ഞു. കർഷകരാണ് തങ്ങളുടെ വ്യാപാരത്തിന്റെ അടിവേരെന്നും അവരെ പിന്തുണയ്ക്കുന്നതായും ഡൽഹി ഗുഡ്‌സ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ പ്രസിഡന്റ് പർമീത് സിംഗ് ഗോൾഡിയും വ്യക്തമാക്കി.