
ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ വിതരണത്തിനായി വ്യോമസേന നൂറിലേറെ വിമാനങ്ങളും ഹെലികോപ്ടറുകളും ഇന്ത്യൻ വ്യോമസേന സജ്ജമാക്കുന്നതായി റിപ്പോർട്ട്. വിദൂര മേഖലകളിലടക്കമുള്ള കേന്ദ്രങ്ങളിലേക്ക് വാക്സിനുകൾ എത്തിക്കാനുള്ള ചുമതല കേന്ദ്രം ഏൽപ്പിച്ചാൽ ഉടൻ നിറവേറ്റാനായാണ് തയാറെടുപ്പുകൾ നടത്തുന്നത്.
മരുന്ന് കമ്പനികളിൽ നിന്നുള്ള വാക്‌സിനുകൾ 28,000 കോൾഡ് സ്‌റ്റോറേജ് കേന്ദ്രങ്ങളിലെത്തിക്കാനായി സി-17 ഗ്ലോബ് മാസ്റ്റർ, സി-130 ജെ സൂപ്പർ ഹെർക്യൂലസ്, ഐ.എൽ 76 എന്നീ കാർഗോ എയർക്രാഫ്റ്റുകൾ ഉപയോഗിക്കാനാണ് പദ്ധതി. ചെറിയ കേന്ദ്രങ്ങളിലേക്ക് എ.എൻ.32, ഡ്രോണിയർ ലൈറ്റ് എയർക്രാഫ്റ്റുകളും എ.എൽ.എച്ച്, ചീറ്റ, ചിനൂക്ക് ഹെലികോപ്ടറുകളും ഉപയോഗിക്കും.
ആഴ്ചകൾക്കുള്ളിൽ കൊവിഡ് വാക്‌സിൻ തയാറായേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷിയോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വ്യോമസേന തയാറെടുപ്പുകൾ നടത്തുന്നത്.
2018ൽ റൂബെല്ല, മീസൽസ് വാക്സിനുകൾ രാജ്യത്തെ വിവിധ വിദൂരമേഖലകളിലെത്തിക്കുന്നതിന് വ്യോമസേനയുടെ എയർക്രാഫ്റ്റുകൾ ഉപയോഗിച്ചിരുന്നു.