
ന്യൂഡൽഹി: കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്ന് രാജിവച്ച ദക്ഷിണേന്ത്യൻ ചലച്ചിത്ര താരവും മുൻ എം.പിയുമായ വിജയശാന്തി ബി.ജെ.പിയിൽ ചേർന്നു. 1997ൽ ബി.ജെ.പിയിലൂടെ രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ച 54കാരിയായ ശാന്തിയുടെ തിരിച്ചുവരവാണിത്.
തെലങ്കാന പ്രക്ഷോഭ നാളുകളിൽ ടി.ആർ.എസിലേക്ക് ചേക്കേറിയ അവർ 2009ൽ ലോക്സഭ എം.പിയായിരുന്നു. അന്ന് ആന്ധ്രാ വിഭജനത്തിനെതിരെ പാർലമെന്റിൽ കയ്യാങ്കളി നടന്നപ്പോൾ തെലങ്കാന വാദികൾക്കൊപ്പം സജീവമായിരുന്നു. എന്നാൽ 2014ൽ തെലങ്കാന രൂപീകരണത്തിന് ശേഷം കോൺഗ്രസിൽ ചേർന്നു. ഗ്രെയിറ്റർ ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 48 സീറ്റുമായി മികച്ച പ്രകടനം കാഴ്ചവച്ച ബി.ജെ.പി 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് വിജയശാന്തിയെ വീണ്ടും തങ്ങളുടെ പാളയത്തിലേക്ക് കൊണ്ടുവന്നതെന്നാണ് അഭ്യൂഹം.