
ന്യൂഡൽഹി: സെൻട്രൽ വിസ്‌ത നവീകരണത്തിന്റെ ഭാഗമായ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡിസംബർ 10ന് നടത്താൻ കേന്ദ്രത്തിന് അനുമതി നൽകിയ സുപ്രീംകോടതി നിർമ്മാണങ്ങൾ തൽക്കാലം വിലക്കി. കടലാസ് പ്രവർത്തനങ്ങൾ നടത്താമെങ്കിലും തത്‌സ്ഥിതി തുടരാൻ മരങ്ങൾ മുറിക്കുകയോ പിഴുത് മാറ്റി നടുകയോ ചെയ്യരുതെന്നും നിലവിലുള്ളതൊന്നും പൊളിക്കരുതെന്നും ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
സെൻട്രൽ വിസ്‌ത പദ്ധതിക്കെതിരായ ഹർജി കണക്കിലെടുത്താണ് ഇടപെടൽ. ഡിസംബർ പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഭൂമിപൂജയും നടത്തുമെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഇന്നലെ സുപ്രീംകോടതി സ്വമേധയാ കേസ് പരിഗണിക്കുകയായിരുന്നു. സെൻട്രൽ വിസ്‌ത പദ്ധതിക്ക് സ്റ്റേ നൽകാത്തത് കേന്ദ്രസർക്കാരിന് നിർമ്മാണവുമായി മുന്നോട്ടുപോകാനുള്ള അനുമതിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിർമ്മാണം തുടങ്ങുന്നതായി അറിഞ്ഞു. കേന്ദ്രസർക്കാർ ജാഗ്രതയും മാന്യതയും കാട്ടുമെന്നാണ് കരുതിയതെന്നും കോടതി വ്യക്തമാക്കി.
പഴി കേട്ടതോടെ സോളിസിറ്റർ ജനറൽ തുഷാർമേത്ത മറുപടി നൽകാൻ ഒരു ദിവസം ചോദിച്ചു. അഞ്ചുമിനിട്ടിൽ മറുപടി നൽകണമെന്നും ഇല്ലെങ്കിൽ സർക്കാരിനെതിരെ ഉത്തരവിറക്കുമെന്നുമായിരുന്നു മറുപടി. കോടതി നൽകിയ ആദരവ് തിരിച്ചുനൽകാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.
തുടർന്ന് തുഷാർമേത്ത മാപ്പ് പറഞ്ഞു. നിർമ്മാണം നടത്തില്ലെന്നും മരങ്ങൾ മുറിക്കില്ലെന്നും തത്‌സ്ഥിതി മാറ്റാതെ ശിലാസ്ഥാപനം നിർവഹിക്കാമെന്നും അദ്ദേഹം ഉറപ്പു നൽകി. നിലവിലുള്ളവ പൊളിച്ചാൽ പുനഃസ്ഥാപിക്കൽ എളുപ്പമല്ലെന്ന് ഓർമ്മിപ്പിച്ചു.
സെൻട്രൽ വിസ്‌ത പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കാനുള്ള ഡൽഹി വികസന അതോറിട്ടിയുടെ തീരുമാനത്തിനെതിരായ ഹർജികൾ സുപ്രീംകോടതി നവംബർ 5ന് വിധിപറയാൻ മാറ്റിയിരുന്നു.