
ന്യൂഡൽഹി: പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായും പഞ്ചാബിലെ ഖാലിസ്ഥാൻ ഭീകര സംഘടനയുമായും ബന്ധമുണ്ടെന്ന് കരുതുന്ന സംഘത്തിലെ അഞ്ചുപേരെ ഡൽഹി പൊലീസ് ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റു ചെയ്‌തു. ഡൽഹി ഷക്കർപൂരിൽ ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.
പഞ്ചാബിൽ ഭീകരാക്രമണം നടത്താനുള്ള പണം കൈമാറ്റം ചെയ്യുന്നതിനിടെയാണ് പൊലീസ് പ്രതികളെ വളഞ്ഞത്. പൊലീസിനെ ആക്രമിച്ച അഞ്ചുപേരെയും ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. അറസ്റ്റിലായവരിൽ മൂന്നുപേർ കാശ്‌മീർ സ്വദേശികളും രണ്ടുപേർ പഞ്ചാബ് സ്വദേശികളുമാണ്. ഇവരിൽ നിന്ന് രണ്ടു കിലോ ഹെറോയിനും രണ്ട് പിസ്റ്റളുകളും ഒരു ലക്ഷം രൂപയും പിടിച്ചെടുത്തെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ പ്രമോദ് സിംഗ് ഖുശ്‌വാഹ അറിയിച്ചു. ഐ.എസ്.എെ, ഖാലിസ്ഥാൻ സംഘടനകളുമായി ബന്ധമുള്ള മാഫിയാ സംഘങ്ങളിൽപ്പെട്ട ഇവരെ ഉപയോഗിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തി അതിൽ നിന്നുള്ള പണം ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. പഞ്ചാബിൽ ശൗര്യചക്ര ജേതാവ് ബൽവീന്ദർ സിംഗ് കൊല്ലപ്പെട്ട സംഭവത്തിലും ഇവർക്ക് പങ്കുള്ളതായി സംശയിക്കുന്നു.