indigo

ന്യൂഡൽഹി: കൊവിഡ് കാലത്ത് റദ്ദായ സർവീസുകളിൽ ടിക്കറ്റ് ബുക്കു ചെയ്‌ത യാത്രക്കാർക്ക് 2021 ജനുവരി 31നുളളിൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യുമെന്ന് ഇൻഡിഗോ എയർലൈൻസ്. നൽകാനുള്ള തുകയുടെ 90ശതമാനമായ ഏതാണ്ട് ആയിരം കോടി രൂപ ഇതിനകം കൈമാറിയിട്ടുണ്ടെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ റോണോജോയ് ദത്ത അറിയിച്ചു.

ലോക്ക്ഡൗൺ കാലത്ത് റദ്ദാക്കപ്പെട്ട വിമാന സർവീസുകളിൽ ടിക്കറ്റ് ബുക്കു ചെയ്‌ത യാത്രക്കാർക്ക് 2021മാർച്ചിനുള്ളിൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യണമെന്ന് ഒക്ടോബറിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആഭ്യന്തര-അന്താരാഷ്‌ട്ര സർവീസുകൾക്ക് വിധി ബാധകമാണ്. ലോക്ക്ഡൗൺ നിലവിൽ വന്ന മാർച്ച് മുതൽ റദ്ദായ സർവീസുകളിൽ ടിക്കറ്റ് ബുക്കു ചെയ്‌തവരുടെ പണം മിക്ക വിമാന കമ്പനികളും ക്രെഡിറ്റ് ഷെൽ ആയി സൂക്ഷിക്കുകയാണ്. നിശ്ചിത കാലാവധിക്കുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആ തുക വിനിയോഗിക്കാമെന്നും അവർ പറയുന്നു.