
ന്യൂഡൽഹി: ഓക്‌സ്ഫോഡ് സർവകലാശാലയും മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാ സെനക്കയും ചേർന്ന് വികസിപ്പിക്കുന്ന കൊവിഷീൽഡ് വാക്സിന്റെ ഇന്ത്യയിലെ നിർമ്മാതാക്കളായ പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് അടിയന്തര ഉപയോഗ അനുമതിക്കായി ഡ്രഗ് കൺട്രോളർ ജനറലിന് അപേക്ഷ നൽകി. അടിയന്തര ഉപയോഗത്തിന് അനുമതി തേടുന്ന ആദ്യ ഇന്ത്യൻ നിർമ്മിത വാക്‌സിനാണ് കൊവിഷീൽഡ്. ബ്രിട്ടീഷ് മരുന്ന് കമ്പനിനായ ഫൈസറിന്റെ വാക്സിന് വേണ്ടിയും ഇതേ അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്.
കൊവിഡിനെ തടയാൻ പൊതുജനതാത്പര്യാർത്ഥം അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകണമെന്ന് അപേക്ഷയിൽ പറയുന്നു. ഐ.സി.എം.ആറിന്റെ സഹകരണത്തോടെ കൊവിഷീൽഡ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലാണ്. ആഗസ്റ്റിൽ ഇന്ത്യയിൽ രണ്ടും മൂന്നും ഘട്ട ട്രയലിനാണ് അനുമതി നൽകിയത്. വാക്സിൻ 70ശതമാനവും കൊവിഡിനെ പ്രതിരോധിക്കുമെന്നാണ് ആസ്ട്രാ സെനക്കയുടെ അവകാശവാദം.
ഡി.ജി.സി.ഐയുടെ ലൈസൻസ് പ്രകാരം ഇന്ത്യയിൽ വിതരണം ചെയ്യാനുള്ള നാലുകോടി ഡോസ് വാക്‌സിൻ തയ്യാറാണെന്ന് ഐ.സി.എം.ആർ വൃത്തങ്ങൾ അറിയിച്ചു. ഫൈസർ വാക്സിൻ സൂക്ഷിക്കാൻ മൈനസ് 70ഡിഗ്ര താപനില ആവശ്യമാണെങ്കിൽ കൊവിഷീൽഡിന് 2-8 ഡിഗ്രി സെൽഷ്യസ് താപനില മതിയാകും. 500-600 രൂപയ്‌ക്ക് വാക്സിൻ വിതരണം ചെയ്യാനാകുമെന്ന് സീറെ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അഡാർ പൂനെവാല പറയുന്നു. നിരവധി ആളുകളെ മഹാമാരിയിൽ നിന്ന് രക്ഷിക്കാൻ ലക്ഷ്യമിട്ടാണ് അടിയന്തര ഉപയോഗത്തിന് അനുമതി തേടിയതെന്നും അദ്ദേഹം പറഞ്ഞു.