
ന്യൂഡൽഹി: കർഷക സമരത്തിന് പിന്തുണയറിയിച്ചുള്ള കിസാൻ യാത്രയിൽ നിരോധനാജ്ഞ ലംഘിച്ച് പങ്കെടുക്കാൻ ശ്രമിച്ച സമാജ് വാദി പാർട്ടി നേതാവും യു.പി മുൻ മുഖ്യമന്ത്രിയുമായ
അഖിലേഷ് യാദവിനെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി കിസാൻ യാത്രയ്ക്ക് യു.പി സർക്കാർ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് അഖിലേഷ് യാദവിന്റെ ലക് നൗവിലെ വസതിക്ക് മുന്നിലുള്ള റോഡ് പൊലീസ് അടച്ചു. എന്നാൽ ഇത് തള്ളിമാറ്റി അഖിലേഷ് യാദവും പ്രവർത്തകരും മുന്നോട്ടുപോകാൻ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ റോഡിൽ കുത്തിയിരുന്ന് അഖിലേഷും പ്രവർത്തകരും പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് അഖിലേഷിനെ കസ്റ്റഡിയിലെടുത്ത് ലക്‌നൗവിന് പുറത്തേക്ക് കൊണ്ടുപോയി.
എല്ലാ ജില്ലകളിലും കിസാൻ യാത്ര സംഘടിപ്പിക്കാൻ എസ്.പി തീരുമാനിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനമെന്ന നിലയിലാണ് കനൗജിലെ 13 കി.മി യാത്ര സംഘടിപ്പിച്ചത്. മുൻകരുതലിന്റെ ഭാഗമായി നിരവധി എസ്.പി നേതാക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.