
ന്യൂഡൽഹി: പഴയ നിയമങ്ങൾ വച്ച് പുതിയ നൂറ്റാണ്ട് കെട്ടിപ്പടുക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന് പരിഷ്കരണം ആവശ്യമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങൾ വച്ച് പുതിയ നൂറ്റാണ്ട് ഉണ്ടാക്കാനാവില്ല. പുതിയ ക്രമത്തിനും പുതിയ സൗകര്യങ്ങളൊരുക്കുന്നതിനും പരിഷ്കരണം വളരെയധികം ആവശ്യമാണെന്നും ആഗ്ര മെട്രോ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കവെ പ്രധാനമന്ത്രി പറഞ്ഞു. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകളുടെ ഭാരത് ബന്ത് ഇന്ന് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
അതേസമയം, പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും കർഷക സമരത്തെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വിമർശിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക പരിഷ്കാരത്തിൽ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പാണ്. കോൺഗ്രസും എൻ.സി.പിയും മുൻകാലങ്ങളിൽ സമാന പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും മോദി സർക്കാർ കൊണ്ടുവരുമ്പോൾ എതിർക്കുകയാണ്. നഷ്ടപ്പെട്ടുപോയ രാഷ്ട്രീയ പ്രാധാന്യം തിരിച്ചുപിടിക്കാനുള്ള വേദിയായാണ് പ്രതിപക്ഷം സമരത്തെ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.