vaccine

കൊവിഡ് പോലെ മാരകമായ മഹാമാരിയുടെ ഭീതി വരച്ചുകാട്ടുന്ന ചലച്ചിത്രമാണ് സ്​റ്റീഫൻ സൗദെബർഗിന്റെ സംവിധാനത്തിൽ 2011ൽ പുറത്തിറങ്ങിയ 'കണ്ടാജിയൻ'. വർത്തമാനകാല യാഥാർത്ഥ്യവുമായി അടുത്തു നിൽക്കുന്നതിനാൽ ഭീതിയോടെ മാത്രം കണ്ടിരിക്കാവുന്ന ചിത്രം. സംവിധായകൻ കിംഗ് സുഗ്‌സുവിന്റെ 2013ൽ റിലീസ് ആയ 'ഫ്‌ളൂ' എന്ന സിനിമയും ഒരു ദക്ഷിണ കൊറിയൻ ജില്ലയെ ബാധിച്ച രോഗത്തിന്റെ കഥയിലൂടെ, നാം നേരിടുന്നതിന് സമാനമായ അനുഭവങ്ങൾ നൽകുന്നു. ഭീതിപരത്തുന്ന വൈറസ് ബാധയെ വാക്‌സിൻ വികസിപ്പിച്ച് പിടിച്ചുകെട്ടുന്ന ശുഭപര്യവസാനമാണ് രണ്ടു ചിത്രങ്ങളുടേതും.

ചൈനയിലെ വുഹാനിൽ കൊവിഡ് 19 റിപ്പോർട്ട് ചെയ്‌തിട്ട് ഒരു വർഷം പിന്നിടുമ്പോൾ പ്രസ്‌തുത ചിത്രങ്ങളിലെ ക്ളൈമാക്സ് പോലെ ലോകം കാത്തിരിക്കുകയാണ്: മഹാമാരിയെ പ്രതിരോധിക്കാൻ ശക്തി നൽകുന്ന മൃതസഞ്ജീവിനിയായ വാക്സിനു വേണ്ടി. ആദ്യം ചൈനയിലും പിന്നീട് ലോകത്തെ മുഴുവനായും നീരാളിക്കൈകളിൽ കുരുക്കിയ കൊവിഡ് വീര്യം കെടാതെ രണ്ടാം തരംഗമായും മൂന്നാം തരംഗമായും ചുറ്റുവട്ടത്തൊക്കെയുണ്ട്. പക്ഷേ പ്രതിദിന കൊവിഡ് കേസുകളുടെ റിപ്പോർട്ടുകളെക്കാൾ പ്രാധാന്യം വാക്സിൻ ഗവേഷണത്തിലെ പുത്തൻ ചുവടുവയ്പുകൾക്കാണ്. കാരണം കൊവിഡ് താറുമാറാക്കിയതെല്ലാം തിരിച്ചുപിടിക്കാനുള്ള വ്യഗ്രതയിൽ ലോകം വർത്തമാന കാലത്തെക്കാൾ പ്രാധാന്യം ഭാവിക്ക് നൽകുന്നു.

വാക്സിൻ : അവസാന ഉത്തരമോ?​

1918ൽ ഇന്ന് കൊവിഡിന് സമാനമായ രീതിയിൽ പടർന്നു പിടിച്ച ഫ്ളൂവിനെ തടഞ്ഞു നിറുത്താൻ ഒരു വാക്സിൻ വന്നത് 1945ലാണ്. അതുപോലെ 1935ൽ പോളിയോ വൈറസിനെതിരെ വാക്സിൻ പരീക്ഷണം തുടങ്ങിയെങ്കിലും അതുപയോഗിക്കാൻ പാകത്തിലെത്തിയത് 20 വർഷം കഴിഞ്ഞ്. 1980 കളിൽ റിപ്പോർട്ട് ചെയ്‌ത, ലോകത്തെ ഏറെ ഭയപ്പെടുത്തിയ എയ്ഡ്സിനെതിരെ കൃത്യമായ വാക്സിൻ ഇന്നും കണ്ടെത്തിയിട്ടില്ല.

വാക്സിൻ എന്നാൽ വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിൽ കണ്ടെത്തുന്ന ഒരു ഒറ്റമൂലിയാണെന്ന ഇതുവരെയുള്ള ധാരണകൾ തിരുത്തുകയാണ് കൊവിഡ്. ഏറെപ്പേരിൽ, ഏറെക്കാലത്തെ പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കുമൊടുവിൽ, അനന്തരഫലങ്ങൾ വിലയിരുത്തി, കൃത്യത ബോദ്ധ്യപ്പെട്ട് ആറ്റിക്കുറുക്കിയെടുക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി രോഗം റിപ്പോർട്ട് ചെയ്ത് ഒരു വർഷത്തിനുള്ളിൽ തന്നെ വാക്സിനുകളുടെ ചെറുകുപ്പികൾ വിതരണത്തിന് തയ്യാറാകുന്ന കാഴ്‌ചയാണിന്ന്.

ഒരേസമയം ഇത്രയും വലിയൊരു ജനസമൂഹത്തിലേക്ക് വാക്സിനുകൾ ഒന്നിച്ച് കടത്തിവിടേണ്ട സാഹചര്യം ആദ്യമാണ്. 21-ാം നൂറ്റാണ്ടിൽ മനുഷ്യന്റെ എല്ലാ അറിവുകളെയും ശാസ്‌ത്ര സാങ്കേതികതയെയും വെല്ലുവിളിച്ച്, വൻകരകളെയെല്ലാം ഒരേസമയം വിഴുങ്ങിയ കൊവിഡിന്റെ മാരക പ്രഹരമാണ് വാക്സിനുകൾക്ക് ഇത്തരമൊരു ദൗത്യത്തിന് അവസരം നൽകിയത്. ഒരുപക്ഷേ വാക്സിൻ ഗവേഷണ, നിർമ്മാണരംഗത്തെ പുതിയൊരു കീഴ്‌വഴക്കത്തിന്, അവസരങ്ങൾക്ക് കൊവിഡ് വഴി തുറക്കുകയാവാം.

വിതരണത്തിന് തയ്യാറായെന്ന് അവകാശപ്പെടുന്ന മൊഡേണ, പിഫിസർ, സ്‌പുട്നിക് വാക്സിനുകളും ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് വഴി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഓക്സ്ഫോർഡ്-ആസ്ട്രാ സെനക്കാ കൊവിഷീൽഡുമെല്ലാം കൊവിഡിനെതിരെ 90ശതമാനം പ്രതിരോധ ശേഷിയാണ് അവകാശപ്പെടുന്നത്(കൊവിഷീൽഡ് രണ്ടു ഡോസിന് 70ശതമാനം). ഇതിൽ മൊഡേണ മൂന്നുമാസം പ്രതിരോധശേഷിയാണ് ഉറപ്പു നൽകുന്നത്.

തങ്ങളുടെ സമൂഹത്തിൽ ആദ്യ വാക്സിൻ എപ്പോഴെത്തുമെന്നതാണ് കൊവിഡ് സാഹചര്യത്തിലെ പ്രധാന ചർച്ച. പക്ഷേ വാക്സിൻ ഒരു മരുന്നല്ലെന്നും രോഗത്തെ പ്രതിരോധിക്കാൻ ശരീരത്തിന് കൃത്രിമമായി ചില സന്ദേശങ്ങൾ നൽകുന്ന സംവിധാനമാണെന്നും പലർക്കും അറിയില്ല. വൈറസ് എത്തും മുൻപ് അവയെ പ്രതിരോധിക്കാൻ ശരീരത്തെ ഒരുക്കി നിറുത്തലാണ് വാക്സിന്റെ ദൗത്യം. പക്ഷേ ഇതിനായി ഇന്ന് തയ്യാറായ, തയ്യാറാകുന്ന വാക്സിനുകൾ ഉപയോഗിക്കുന്ന രീതികൾ പലതാണ്. കോശങ്ങളിൽ പ്രൊട്ടീൻ ഉത്പാദനത്തിനുള്ള സന്ദേശവാഹകരായി പ്രവർത്തിക്കുന്ന മെസഞ്ചർ ആർ.എൻ.എ(എം- ആർ.എൻ.എ) ഉപയോഗിച്ചുള്ള വാക്സിൻ പരീക്ഷണമാണ് ഇതിൽ ഏറ്റവും നൂതനം. കൊവിഡിന്റേതിന് സമാനമായ കോശമുണ്ടാക്കാനുള്ള നിർദ്ദേശമാണ് വാക്സിനിലെ എം -ആർ.എൻ.എ നൽകുക. അങ്ങനെയൊന്ന് രൂപപ്പെടുമ്പോൾ രോഗാണു ഉള്ളിൽ കടന്നുവെന്ന ധാരണയിൽ ശരീരം പ്രതിരോധത്തിനുള്ള ആന്റിബോഡി ഉത്പാദിപ്പിക്കും. ഈസമയത്ത് പുറത്തുനിന്ന് ഒറിജിനൽ കൊവിഡ് വൈറസ് കയറിയാലും ഏശില്ല. ഉപദ്രവമുണ്ടാകാത്ത കൊവിഡ് പ്രൊട്ടീൻ നേരിട്ട് കയറ്റുന്നതാണ് മറ്റൊരു രീതി. കൊവിഡ് വൈറസിന്റെ അപകടകാരിയല്ലാത്ത ഒരു ഡ്യൂപ്പിനെ

സൃഷ്‌ടിച്ച് ശരീരത്തെ ജാഗരൂകമാക്കുന്ന സാങ്കേതികവിദ്യയുമുണ്ട്.

ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ കൃത്രിമമായി ഉദ്ദീപിപ്പിക്കുന്ന വാക്സിനുകൾക്കൊപ്പം അനന്തര ഫലങ്ങളുമുറപ്പാണ്. അതില്ലാത്ത ഒരു വാക്സിനും കണ്ടുപിടിച്ചിട്ടില്ല. ചെറിയ കുട്ടികൾക്ക് കുത്തിവയ്പിന് ശേഷം പനിയും മറ്റുമുണ്ടാകുന്നത് പോലെ ശരീരത്തിന്റെ പ്രതികരണമാണ് അനന്തരഫലങ്ങളായി പുറത്തു വരിക. ഇപ്പോൾ 90 ശതമാനമൊക്കെ മികവ് അവകാശപ്പെടുന്ന വാക്സിനുകളുടെ അനന്തരഫലങ്ങൾ എന്തൊക്കെയാകാം. പരീക്ഷണം നടന്ന ചെറിയ കാലയളവിൽ അതിന് വിധേയരായ വളണ്ടിയർമാരിൽ അനന്തരഫലങ്ങൾ പ്രത്യക്ഷപ്പെട്ടു കാണുമോ?​ പരീക്ഷണ ഘട്ടത്തിൽ തെളിയാത്ത, അല്ലെങ്കിൽ പുറത്തുവരാത്ത ഈ ചോദ്യങ്ങൾക്ക് ജനങ്ങൾ നേരിട്ട് ഉപയോഗിക്കുമ്പോൾ ഉത്തരം ലഭിച്ചേക്കാം.

ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സിൻ ആയ ഹൈദരാബാദിലെ ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവാക്സിൻ പരീക്ഷണത്തിന് വിധേയനായ ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജിന് കൊവിഡ് ബാധിച്ചത് ഒരു ഡോസ് മാത്രമെടുത്തതിനാലാണെന്ന് കമ്പനി ന്യായീകരിക്കുന്നു. രണ്ടു ഡോസും എടുത്തവരിലെ പ്രതിരോധശേഷിയുടെ മികവ് നേരിട്ടറിയാൻ ജനങ്ങൾ അതിന് വിധേയരാകണം. കാരണം പല വാക്സിൻ കമ്പനികളും അവരുടെ ട്രയൽ റിപ്പോർട്ടുകൾ പൂർണമായി പുറത്തു വിടാറില്ല. വാക്സിൻ കൊണ്ട് കൊവിഡിനെ പൂർണമായി തടയാനാകുമെന്ന് ഉറപ്പില്ലെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു.

ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഓക്സ്ഫോർഡ്-ആസ്ട്രാ സെനക്കയുടെ കൊവിഷീൽഡ്, അഹമ്മദാബാദിലെ സൈഡസ് കാഡിലയുടെ സൈകോവ് ഡി, ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലാബ് വഴി റഷ്യൻ സ്‌പുട്‌നിക്, ഹൈദരാബാദിലെ തന്നെ ബയോളജിക്കൽ ഇ ഫാർമസ്യൂട്ടിക്കൽസിന്റെ ബീക്കോവ്-2 എന്നിവയാണ് ഇന്ത്യയിൽ പരീക്ഷണ, ഗവേഷണ, നിർമ്മാണ ഘട്ടത്തിലുള്ള വാക്സിനുകൾ.

വാക്സിൻ വികസിപ്പിക്കലും ഉത്പാദനവും ഒരിക്കലും ചെറിയ കളിയല്ല. വൻ മുതൽമുടക്കും സന്നാഹങ്ങളും ആവശ്യമുള്ളതിനാൽ ഫാർമസ്യൂട്ടിക്കൽ മേഖലയിലെ വമ്പൻമാരാണ് അവിടെ കളിക്കുന്നത്. കൂടാതെ മരുന്ന് ബിസിനസിലേതു പോലെ ചെറിയ അളവിലുണ്ടാക്കിയാൽ ലാഭമുണ്ടാക്കാനുമാകില്ല. ഒരു രാജ്യത്തെ ജനങ്ങൾ കൂട്ടത്തോടെ ഡോസ് എടുക്കുമ്പോഴാണ് അവരുടെ കീശ വീർക്കുക. സ്കൂളുകൾ വഴി കുട്ടികൾക്ക് ചില പ്രത്യേക വാക്സിനുകൾ നൽകണമെന്ന ഉത്തരവുകൾ നമ്മുടെ നാട്ടിൽ വിവാദമാകാറുണ്ടല്ലോ. ഇതിൽ നിന്ന് മനസിലാക്കാം കൊവിഡ് വാക്സിന്റെ ബിസിനസ് സാദ്ധ്യതകൾ. രാജ്യങ്ങളല്ല, വൻകരകളാണ് അവർക്കു മുന്നിൽ തുറന്നു കിടക്കുന്നത്.

വാക്സിൻ ഗവേഷണ, പരീക്ഷണങ്ങളിൽ ഇന്ത്യ ഇക്കാലം വരെയും പിന്നിലായിരുന്നു. ഗവേഷണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് പ്രധാന കാരണം. വാക്സിനുകൾ സൂക്ഷിക്കാനുള്ള ശീതികരണികൾ പോലുമില്ല. മൈനസ് 70 ഡിഗ്രി താപനിലയിൽ സൂക്ഷിക്കേണ്ട പിഫിസർ വാക്സിനോട് ഇന്ത്യ മുഖം തിരിച്ചത് സംഭരണ, ശീതീകരണ സൗകര്യങ്ങളുടെ അപര്യാപ്ത മൂലമാണല്ലോ. പക്ഷേ ഇന്ത്യക്കാർക്ക് ആവശ്യമായ വാക്സിൻ എത്തിക്കാനുള്ള നടപടികളിൽ മുഴുകുന്ന കേന്ദ്രസർക്കാർ അടിസ്ഥാന സൗകര്യ വികസനത്തിലും ശ്രദ്ധിക്കുന്നുണ്ടെന്നാണ് അറിവ്. വാക്സിൻ ഗവേഷണത്തെ പുതിയ തലത്തിലെത്തിച്ച കൊവിഡ് മഹാമാരി, പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നതു പോലെ ഇന്ത്യയ്ക്കും പുതിയ അവസരങ്ങൾ തുറന്നു നൽകുകയാണ്.