kajriwal

ന്യൂഡൽഹി: കർഷക സമരത്തെ പിന്തുണച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന് ആംആദ്മി പാർട്ടി. നിഷേധിച്ച് ഡൽഹി പൊലീസ്. നുണരാഷ്ട്രീയം കേജ്‌രിവാൾ അവസാനിപ്പിക്കണമെന്ന് ബി.ജെ.പി. ഒന്നും മിണ്ടാതെ കേജ്‌രിവാൾ. ദേശീയതലസ്ഥാനത്ത് ഇന്നലെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ.

കേ‌ജ്‌രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന് ഇന്നലെ രാവിലെയായിരുന്നു ആംആദ്മി പാർട്ടി ഔദ്യോഗിക ട്വിറ്ററിലൂടെ ആരോപിച്ചത്.

പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ കണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ച മടങ്ങിയെത്തിയതിന് പിന്നാലെയാണ് പൊലീസ് കേജ്‌രിവാളിനെ വീട്ടുതടങ്കലിലാക്കിയതെന്നും വസതിയിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ലെന്നും പാർട്ടി ആരോപിച്ചത്. എല്ലാ ഔദ്യോഗിക പരിപാടികളും കേജ്‌രിവാളിന് റദ്ദാക്കേണ്ടി വന്നു.

അദ്ദേഹത്തെ കാണാൻ ചെന്ന എം.എൽ.എമാരെ പൊലീസ് മർദ്ദിച്ചുവെന്ന് ആപ്പ് വക്താവ് സൗരഭ് ഭരദ്വാജും പറഞ്ഞു. ഇതിന് പിന്നാലെ കേജ്‌രിവാളിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിൽ ആംആദ്മി പ്രവർത്തകർ സിവിൽ ലൈനിലെ കേജ്‌രിവാളിന്റെ വസതിക്ക് മുന്നിലെത്തി. ബാരിക്കേഡുകൾ തള്ളിനീക്കി മുന്നോട്ടുപോകാനും ശ്രമിച്ചു.
സ്റ്റേഡിയങ്ങൾ ജയിലുകളാക്കാൻ അനുവദിക്കാത്തതിന് കേജ്‌രിവാളിനോട് കേന്ദ്രം മോശമായി പെരുമാറുകയാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. പാർട്ടി നേതാക്കളെയോ പ്രവർത്തകരെയോ വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നില്ല. എന്തിനാണ് ഇത്രയും പൊലീസുകാരെ വിന്യസിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. യാതൊരു പ്രശ്‌നവുമില്ല. സാധാരണ സുരക്ഷാവിന്യാസം മാത്രമാണ് നടത്തിയതെന്നും വിശദീകരിച്ചു.

പിന്നീട് പൊലീസുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ സിസോദിയയും പ്രവർത്തകരെയും മറ്റൊരു ഗേറ്റിലൂടെ പൊലീസ് അകത്ത് പ്രവേശിപ്പിച്ചു.

ഫണ്ട് കുടിശ്ശിക ആരോപിച്ച് ബി.ജെ.പി ഭരിക്കുന്ന മൂന്ന് മുനിസിപ്പാലിറ്റികളിലെ മേയറും ഡെപ്യൂട്ടി മേയറും മറ്റു നേതാക്കളും കേജ്‌രിവാളിന്റെ വസതിക്ക് മുന്നിൽ കഴിഞ്ഞദിവസം മുതൽ ധർണ നടത്തുന്നുണ്ട്. ഇവരും ആംആദ്മി പാ‌ർട്ടി പ്രവർത്തകരും മുഖാമുഖം വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

എന്നെ പുറത്ത് പോകാൻ പൊലീസ് അനുവദിച്ചില്ല. മുഖ്യമന്ത്രിയെന്ന നിലയിലല്ല സാധാരണക്കാരനെന്ന നിലയിലാണ് കർഷകർക്ക് ഐകദാർഢ്യമറിയിക്കാൻ പോകാൻ തീരുമാനിച്ചത്. എന്നാൽ എന്റെ പദ്ധതിയറിഞ്ഞ പൊലീസ് പുറത്തേക്ക് പോകാൻ അനുവദിച്ചില്ല.

- ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ