
ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അഞ്ച് പ്രതിപക്ഷ നേതാക്കൾ ഇന്ന് വൈകിട്ട് അഞ്ചിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി.എം.കെ നേതാവ് ടി.ആർ. ബാലു, എൻ.സി.പി നേതാവ് ശരദ്പവാർ തുടങ്ങിയ നേതാക്കളാണ് പ്രതിനിധി സംഘത്തിലുണ്ടാകുക.
11 പാർട്ടികളാണ് രാഷ്ട്രപതിയെ കാണാൻ അനുമതി തേടിയതെങ്കിലും കൊവിഡ് സാഹചര്യം പരിഗണിച്ച് അഞ്ചുപേർക്ക് മാത്രമേ രാഷ്ട്രപതി ഭവൻ അനുമതി നൽകിയുള്ളൂവെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കർഷക പ്രതിഷേധത്തിന് 20 ലേറെ രാഷ്ട്രീയ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ കൂടുതൽ പ്രതിനിധികളെ സംഘത്തിലുൾപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിയമം ഇന്ത്യൻ കാർഷിക മേഖലയുടെ തകർച്ചയ്ക്ക് വഴിവയ്ക്കുമെന്നും പുതിയ കാർഷിക നിയമങ്ങൾ ജനാധിപത്യ വിരുദ്ധമായാണ് പാർലമെന്റിൽ പാസാക്കിയതെന്ന നിലപാട് പ്രതിപക്ഷം രാഷ്ട്രപതിക്ക് മുന്നിൽ വ്യക്തമാക്കും.
സെപ്തംബറിലാണ് ബില്ലുകൾ പാർലമെന്റ് പാസാക്കിയത്. രാജ്യസഭയിൽ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടുവെങ്കിലും അത് അനുവദിക്കാതെ ശബ്ദവോട്ടോടെയാണ് ബില്ലുകൾ പാസാക്കിയത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് രാഷ്ട്രപതിയെ കണ്ട് ബില്ലുകളിൽ ഒപ്പിടരുതെന്നും മടക്കി അയക്കണമെന്നും മാവശ്യപ്പെട്ടിരുന്നു.
എന്നാൽ 'ദി ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ), ദി ഫാർമേഴ്സ് (എംപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഒഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസ് ബില്ലുകളിൽ സെപ്തംബർ 24നും അവശ്യസാധന ഭേദഗതി ബിൽ 26നും രാഷ്ട്രപതി ഒപ്പിടുകയായിരുന്നു.