
ന്യൂഡൽഹി: രാജ്യത്ത് പുതിയ രോഗബാധിതരുടെ എണ്ണം അഞ്ച് മാസത്തിനുശേഷം ആദ്യമായി 27,000ത്തിൽ താഴെയായി (26,567). കഴിഞ്ഞ ജൂലായ് 10ന് 26,506 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിന് ശേഷം കേസുകൾ കൂടുകയായിരുന്നു. രാജ്യത്ത് ചികിത്സയിലുള്ളത് ആകെ രോഗികളുടെ നാല് ശതമാനത്തിൽ താഴെയാണെന്നും (3.96 ശതമാനം) രാജ്യത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 6.5ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.
രാജ്യത്തെ ആക്‌ടീവ് കൊവിഡ് കേസുകളിൽ 54 ശതമാനവും മഹാരാഷ്‌ട്ര, കേരളം, പശ്ചിമ ബംഗാൾ, ഡൽഹി സംസ്ഥാനങ്ങളിലാണ്. കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 3.83 ലക്ഷമായി കുറഞ്ഞു. ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 39,045 പേർ കൂടി രാജ്യത്ത് കോവിഡ് രോഗമുക്തരായി.