
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിൻ വൻ തോതിൽ ഉത്പാദിപ്പിക്കാനും ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ പൗരൻമാർക്കും വാക്സിൻ എത്തിക്കാനുമുള്ള രൂപരേഖ തയ്യാറായി. രാജ്യത്ത് എട്ട് വാക്സിനുകളാണ് പരീക്ഷണ ഘട്ടത്തിലുള്ളതെന്നും ശാസ്ത്രജ്ഞരിൽ നിന്നും പച്ചക്കൊടി കിട്ടിയാലുടൻ വൻ തോതിൽ ഉത്പാദിപ്പിക്കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. അടിയന്തര ഉപയോഗത്തിന് അനുമതി തേടിയ വാക്സിനുകളിൽ ചിലതിന് ആഴ്ചകൾക്കുള്ളിൽ ലൈസൻസ് നൽകും.
പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഷീൽഡ്, ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഡ്രഗ് കൺട്രോളർ ജനറലിന് അപേക്ഷ നൽകിയതായും ആരോഗ്യസെക്രട്ടറി അറിയിച്ചു. യു.എസിൽ നിന്നുള്ള ഫൈസർ വാക്സിനും ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി തേടിയിട്ടുണ്ട്. ഇവയിൽ ചിലതിന് ഉടൻ ലൈസൻസ് ലഭിക്കും.
വാക്സിൻ നൽകുന്നതിനായി ആഗസ്റ്റിൽ തന്നെ വിദഗ്ദ്ധ സമിതിക്ക് രൂപം നൽകിയിരുന്നു. വാക്സിൻ തിരഞ്ഞെടുക്കൽ, വാക്സിൻ എത്തിക്കൽ, നീക്കം നീരീക്ഷിക്കൽ, വാക്സിൻ നൽകേണ്ടവരുടെ മുൻഗണന ക്രമം നിശ്ചയിക്കൽ, വാക്സിൻ സംഭരണം തുടങ്ങിയ നടപടികളുടെ ഉത്തരവാദിത്വം സമിതിക്കാണ്. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ജനങ്ങളിൽ നിന്ന് മുൻഗണനാ ക്രമത്തിലുള്ളവരെ കണ്ടെത്തി, ബഹുതല ഏകോപന സംവിധാനം വഴിയാണ് വാക്സിൻ നൽകുക. ശീതീകരണ സംവിധാനങ്ങളുടെ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുകയും വാക്സിൻ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. വാക്സിൻ നൽകുന്നതിന് ഡിജിറ്റൽ സംവിധാനങ്ങളും ഉപയോഗപ്പെടുത്തും.
രാജ്യത്ത് തയ്യാറാകുന്ന കൊവിഡ് വാക്സിനുകളും നേതൃത്വം നൽകുന്ന ഏജൻസിയും:
1. കൊവിഷീൽഡ്-പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് (അടിയന്തര ഉപയോഗത്തിന് അനുമതി തേടി)
2. കോവാക്സിൻ-ഹൈദരാബാദിലെ ഭാരത് ബയോടെക്ക് (അടിയന്തര ഉപയോഗത്തിന് അനുമതി തേടി)
3. സൈക്കോവ്-ഡി-ഹൈദരാബാദ് കാഡില ഹെൽത്ത് കെയർ (രണ്ടാം ഘട്ട ട്രയൽ)
4. സ്പുട്നിക് വി-ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലാബ് (മൂന്നാം ഘട്ട ട്രയൽ ഉടൻ തുടങ്ങും)
5. നോവാക്സിൻ-പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് (മൂന്നാം ഘട്ട ട്രയൽ പരിഗണനയിൽ)
6. റീകോമ്പിനന്റ് പ്രൊട്ടീൻ ആന്റിജൻ വാക്സിൻ-ഹൈദരാബാദ് ബയോളജിക്കൽ ഇ ലിമിറ്റഡ് (ഒന്നും രണ്ടും ഘട്ട ട്രയൽ തുടങ്ങി)
7. എച്ച്.ജി.സി.ഒ 19-പൂനെ ജെനോവ (ഒന്നും രണ്ടും ഘട്ട ട്രയൽ ഉടൻ തുടങ്ങും)
8. ഇനാക്ടിവേറ്റഡ് റാബീസ് വെക്ടർ വാക്സിൻ-ഭാരത് ബയോടെക് ഹൈദരാബാദ് (മനുഷ്യരിൽ പരീക്ഷിക്കുന്നതിന് മുമ്പുള്ള ഘട്ടത്തിൽ)
വാക്സിൻ മുൻഗണനാ ക്രമം:
 ഒരു കോടി ആരോഗ്യ പ്രവർത്തകർ (സർക്കാർ-സ്വകാര്യ മേഖലയിൽ നിന്ന്)
 രണ്ടു കോടി മുൻനിര പ്രവർത്തകർ (കേന്ദ്ര, സംസ്ഥാന പൊലീസ് സേനാംഗങ്ങൾ, സൈനികർ, ഹോം ഗാർഡ്, ദുരന്ത നിവാരണ വോളണ്ടിയർമാർ അടക്കം സിവിൽ ഡിഫൻസ് സംഘടനകൾ, ആരോഗ്യ പ്രവർത്തകർ അടക്കം മുനിസിപ്പൽ ജീവനക്കാർ)
 27കോടി മുതിർന്നവർ (50വയസിന് മുകളിലുള്ളവർ, ശാരീരിക അവശതകളുള്ളവർ)