# കെ.കെ. രാഗേഷടക്കം നിരവധി നേതാക്കളെ അറസ്റ്റുചെയ്തു നീക്കി
ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ റോഡും റെയിലും ഉപരോധിച്ച് കർഷക സംഘടനകൾ നടത്തിയ ഭാരത് ബന്ത് മിക്ക സംസ്ഥാനങ്ങളിലും ജനജീവിതം നിശ്ചലമാക്കി. കർഷക പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദുവായ പഞ്ചാബിലും ഹരിയാനയിലും ബന്ത് സമ്പൂർണമായിരുന്നു.ഡൽഹിയിൽ പലേടത്തും റോഡ് ഉപരോധിച്ചു.
നേതാക്കളടക്കം നൂറുകണക്കിനു പേർ യു.പി, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ അറസ്റ്റിലായി. കാൺപുരിൽ സി.പി.എം പി.ബി അംഗം സുഭാഷിണി അലിയെ വീട്ടുതടങ്കലിലാക്കി.
ഹരിയാന ഗുഡ്ഗാവിനടുത്ത ബിലാസ് പുരിൽ കിസാൻസഭ ജോ.സെക്രട്ടറി കെ.കെ രാഗേഷ് എം.പി, ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ, അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ ജോ.സെക്രട്ടറി വിക്രം സിംഗ് തുടങ്ങിവരെ അറസ്റ്റ് ചെയ്ത് നീക്കി. രാഷ്ട്രീയ കിസാൻ മഹാസംഘ് നേതാവ് ശിവകുമാർ കക്കാജി, തമിഴ്നാട്ടിൽ നിന്നുള്ള കർഷക നേതാവ് അയ്യാക്കണ്ണ് എന്നിവർ ഡൽഹിയിൽ അറസ്റ്റിലായി.
സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ബന്തിന് 25 രാഷ്ട്രീയ പാർട്ടികളും പ്രതിപക്ഷ തൊഴിലാളി സംഘടനകളുമടക്കം പിന്തുണ നൽകിയതിനാൽ പശ്ചിമബംഗാൾ, ത്രിപുര, ബീഹാർ, ജാർഖണ്ഡ്, ഒഡിഷ, അസാം, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ബന്ത് ശക്തമായിരുന്നു.
ലക്ഷക്കണക്കിനാളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തെന്നും ബന്ത് വിജയമാണെന്നും ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.